സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അഭിനന്ദനങ്ങള്‍ പങ്കുവച്ചത്. 'സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍' എന്നാണ് മമ്മൂട്ടിയുടെ അഭിനന്ദന സന്ദേശം.

"സുരാജ് വെഞ്ഞാറമൂടിനും കനി കുസൃതിക്കും ലിജോ ജോസ് പെല്ലിശ്ശേരിക്കും മറ്റെല്ലാ അവാര്‍ഡ് വിജയികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മുന്നോട്ടുള്ള യാത്രയില്‍ ഇനിയുമൊരുപാട് പുരസ്കാരങ്ങള്‍ ലഭിക്കട്ടെ", എന്നാണ് മോഹന്‍ലാലിന്‍റെ അഭിനന്ദനസന്ദേശം. 

മോഹന്‍ലാലിന്‍റെ മൂന്ന് ചിത്രങ്ങളും മമ്മൂട്ടിയുടെ രണ്ട് സിനിമകളും ഇക്കുറി മത്സരത്തിനുണ്ടായിരുന്നു. ഇതില്‍ ഇനിയും റിലീസ് ആവാത്ത മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ലൂസിഫര്‍ എന്നിവയായിരുന്നു മോഹന്‍ലാലിന്‍റെ പ്രധാന ചിത്രങ്ങള്‍. ഉണ്ട, മാമാങ്കം എന്നിവയായിരുന്നു മമ്മൂട്ടിയുടെ പ്രധാന സിനിമകള്‍. മികച്ച ശബ്ദരൂപകല്‍പ്പനയ്ക്കുള്ള പുരസ്കാരം 'ഉണ്ട'യ്ക്കാണ്. മികച്ച നൃത്തസംവിധാനം (ബൃന്ദ, പ്രസന്ന സുജിത്ത്), വിഷ്വല്‍ എഫക്ട്സ് (സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍) എന്നിവയ്ക്കുള്ള പുരസ്കാരങ്ങള്‍ മരക്കാരും നേടി. ലൂസിഫറിലെും മരക്കാരിലെയും പ്രകടനത്തിനാണ് വിനീത് രാധാകൃഷ്ണന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരം ലഭിച്ചത്.