"മലയാളം ഇന്‍ഡസ്ട്രിയില്‍ വമ്പന്‍ താരങ്ങളില്ലാത്തതുകൊണ്ടാണ് അവിടെ ബിഗ് ബജറ്റ് സിനിമകള്‍ പുറത്തിറങ്ങാത്തത് എന്ന് പലരും കരുതുന്നുണ്ട്. എന്നാൽ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളും അഭിനേതാക്കളുമാണ്"

മലയാള സിനിമയെ പ്രശംസിച്ച് ചലച്ചിത്ര നിരൂപകൻ ഭരദ്വാജ് രംഗൻ. മലയാളത്തിൽ സംഭവിക്കുന്നത് ലോക സിനിമയുടെ സ്വാധീനം മാത്രമല്ലെന്നും, കഥയ്ക്ക് അനുയോജ്യമായ ബജറ്റിൽ വർക്ക് ചെയ്യാൻ താരങ്ങൾ മലയാളത്തിൽ തയ്യാറാണെന്നും ഭരദ്വാജ് രംഗൻ പറയുന്നു. ഇന്നത്തെ അവസ്ഥയിലെത്താൻ സാധിച്ചത് ബജറ്റിൽ ഉണ്ടായിട്ടുള്ള നിയന്ത്രണങ്ങളായിരുന്നുവെന്നും ഭരദ്വാജ് രംഗൻ ചൂണ്ടികാണിക്കുന്നു. മമ്മൂട്ടിയെ പോലെയൊരു സൂപ്പർ താരം ഗേ ആയി വന്നാലും വൃദ്ധനായി വന്നാലും, പ്രേതമായി വന്നാലും സ്വീകരിക്കാൻ മലയാളത്തിൽ പ്രേക്ഷകർ തയ്യാറാണെന്നാണ് റോണാക് മാങ്കോട്ടി എന്ന ചാനലിലെ ക്രിട്ടിക്സ് റൗണ്ട്ടേബിളിനിടെ ഭരദ്വാജ് രംഗൻ വ്യക്തമാക്കിയത്.

"മലയാളത്തില്‍ സംഭവിക്കുന്നത് ലോക സിനിമയുടെ സ്വാധീനം മാത്രമല്ല. അവിടെ കഥയ്ക്ക് അനുയോജ്യമായ ബജറ്റില്‍ വര്‍ക്ക് ചെയ്യാന്‍ ആളുകള്‍ തയ്യാറാണ്. ബജറ്റ് നിയന്ത്രിച്ചില്ലായിരുന്നുവെങ്കില്‍ മലയാളം സിനിമയ്ക്ക് ഇന്നത്തെ അവസ്ഥയിലെത്താന്‍ സാധിക്കില്ലായിരുന്നു.

മലയാളസിനിമക്ക് എന്തും സാധ്യമാണ്. കാരണം അവിടെ ബജറ്റിനെക്കുറിച്ചുള്ള ചിന്തയില്ല. ബിഗ് ബജറ്റ് സിനിമകളിലൂടെ അവര്‍ പരീക്ഷണം നടത്താന്‍ ശ്രമിക്കാറില്ല. നല്ല സബ്ജക്ടുകള്‍ പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്താൻ വേണ്ടി മാത്രമേ മലയാളത്തില്‍ ശ്രമിക്കുകയുള്ളൂ. നല്ല രീതിയില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ മലയാളത്തിലുണ്ട്. പക്ഷേ, സിനിമ നല്ല രീതിയില്‍ പുറത്തിറങ്ങാന്‍ അവര്‍ ബജറ്റില്‍ വിട്ടുവീഴ്ചക്ക് തയാറാകുന്നുമുണ്ട്. എമ്പുരാന്‍ എന്ന സിനിമ വലിയ ബജറ്റിലാണ് ഒരുക്കിയത്. അതിനനുസരിച്ചുള്ള സ്വീകാര്യത ആ സിനിമക്ക് ലഭിച്ചു. മലയാളം ഇന്‍ഡസ്ട്രിയില്‍ വമ്പന്‍ താരങ്ങളില്ലാത്തതുകൊണ്ടാണ് അവിടെ ബിഗ് ബജറ്റ് സിനിമകള്‍ പുറത്തിറങ്ങാത്തത് എന്ന് പലരും കരുതുന്നുണ്ട്. എന്നാൽ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളും അഭിനേതാക്കളുമാണ്." ഭരദ്വാജ് രംഗൻ പറയുന്നു.

YouTube video player

'മമ്മൂട്ടിക്ക് ഗേ ആയും പ്രേതമായും വേഷമിടാം'

"തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളിലേതുപോലെ താരാരാധനയൊന്നും മലയാള സിനിമയിലില്ല, അവിടെ കാര്യങ്ങളിൽ കുറച്ച് മാറ്റമുണ്ട്, ഉദാഹരണത്തിന് രജിനികാന്തിന് അസാധ്യ കഴിവുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു പ്രത്യേക ഇമേജിനപ്പുറത്ത് അദ്ദേഹത്തെ അവതരിപ്പിക്കാന്‍ ആരും ധൈര്യപ്പെടില്ല. അവിടെയാണ് മലയാള സിനിമ വ്യത്യസ്തമാകുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും പലപ്പോഴും തങ്ങളുടെ ഇമേജിനെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്നുണ്ട്. അതിലും മമ്മൂട്ടിയെപ്പോലെ ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കില്ല. അയാള്‍ക്ക് ഗേ ആയി വേഷമിടാം, വൃദ്ധനായും ചെറുപ്പക്കാരനായും വേഷമിടാം, പ്രേതമായി വന്നാല്‍ പോലും പ്രേക്ഷകര്‍ അത് സ്വീകരിക്കും. അത്രയും വലിയ താരം അങ്ങനെയെല്ലാം വന്നാല്‍ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയാറാണ്." ഭരദ്വാജ് രംഗൻ കൂട്ടിച്ചേർത്തു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News