കൊവിഡ് 19നെതിരെ തുരത്താനുള്ള പോരാട്ടത്തിലാണ് രാജ്യം. സാമൂഹിക വ്യാപനം തടയാൻ വേണ്ടി രാജ്യം 24 മുതല്‍ 21 ദിവസത്തേയ്‍ക്ക് ലോക്ക് ഡൌണിലാണ്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ ചിലരെങ്കിലും അവഗണിക്കുന്നത് ആശങ്കയുണ്ടാക്കുന്നുമുണ്ട്. അങ്ങനെ ചെയ്യുന്നവരെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഒരു ഫോട്ടോ കൊണ്ട് മാത്രമാണ് പറയാനുള്ള കാര്യങ്ങള്‍ മമ്മൂട്ടി വ്യക്തമാക്കിയിരിക്കുന്നത്.

വാഹനങ്ങളും ആള്‍ക്കാരും ആയി തിരക്കുള്ള റോഡിന്റെ ഫോട്ടോയാണ് മമ്മൂട്ടി ഷെയര്‍ ചെയ്‍തിരിക്കുന്നത്. കൈ കൂപ്പിക്കൊണ്ട് പൊലീസ് വാഹനങ്ങളെ തടയുന്നതും ഫോട്ടോയില്‍ കാണാം. ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന അടിക്കുറിപ്പ് മാത്രമാണ് മമ്മൂട്ടി എഴുതിയിരിക്കുന്നത്. കൂടുതല്‍ വിശദീകരണം വേണ്ടാത്ത തരത്തിലുള്ളതാണ് ഫോട്ടോയും.  അധികൃതരുടെ നിര്‍ദ്ദേശം പാലിച്ചുകൊണ്ട് സമ്പര്‍ക്കം ഒഴിവാക്കി മാത്രമാണ് നമുക്ക് കൊവിഡിന്റെ വ്യാപനത്തെ തടയാൻ കഴിയുക.