പൗരത്വ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നതിനിടയില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടിയും. 

കൊച്ചി: പൗരത്വ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നതിനിടയില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടിയും. കലാ-സാംസ്കാരിക മേഖലയില്‍ നിന്ന് വ്യാപകമായി പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കെയാണ് മമ്മൂട്ടിയുടെ പ്രതികരണം. 'ജാതി, മതം, വര്‍ഗ്ഗം തുടങ്ങിയ എല്ലാ പരിഗണനകള്‍ക്ക് അതീതമായി നമ്മള്‍ ഉയര്‍ന്നാല്‍ മാത്രമേ ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഉന്നതിയുണ്ടാകൂ... ആ ഒരുമയെ തകര്‍ക്കുന്ന എന്തും നിരുത്സാഹപ്പെടുത്തേണ്ടതാണ്.'- എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു സമുദായത്തെ മാത്രം മാറ്റിനിര്‍ത്തിയുള്ള നിയമനിര്‍മാണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുന്നത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് തുടങ്ങിയ പ്രതിഷേധം രാജ്യത്തെ മുക്കിലും മൂലയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പടര്‍ന്നിരിക്കുകയാണ്. 

2014 വരെ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഒഴികെയുള്ള ആറ് മതവിഭാഗങ്ങള്‍ക്ക് പൗരത്വ ഭേദഗതി ആക്ട് പ്രകാരം ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് മാത്രം പൗരത്വം അനുവദിക്കുന്നതാണ് പുതിയ പൗരത്വ ഭേദഗതി ആക്ട്.