മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ക്യൂബ്സ് എന്റർടെയ്ൻമെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കുമിതെന്നാണ് സൂചനകൾ. പുതുവത്സരത്തിൽ പുറത്തിറക്കിയ പോസ്റ്റർ തരംഗമാകുന്നു.

ഴിഞ്ഞ കുറച്ച് വർഷമായി മലയാള സിനിമയ്ക്ക് ഒരുപിടി മികച്ചതും വ്യത്യസ്തതയാർന്നതുമായ സിനിമകൾ സമ്മാനിച്ച താരമാണ് മമ്മൂട്ടി. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കളങ്കാവൽ. ക്യാരക്ടർ റോളുകളിൽ നിന്നും മാറിയൊരു സിനിമയിലേക്കാണ് പുതുവർഷത്തിൽ മമ്മൂട്ടി കടക്കുന്നത്. മമ്മൂട്ടി -ഖാലിദ് റഹ്‌മാൻ- ക്യൂബ്സ് എന്റർടെയ്ൻമെന്റ് ടീമിന്റെ സിനിമയാണിത്. ആക്ഷന് പ്രധാന്യമുള്ള പടമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. 2025 അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ക്യൂബ്സ് എന്റർടെയ്ൻമെന്റ് പങ്കുവച്ച പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ക്യാപ്റ്റൽ ലെറ്ററിലെ 'm'നൊപ്പം അറിയാലോ മമ്മൂട്ടിയാണ് എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം പുതുവത്സര ആശംസകളും അറിയിച്ചിട്ടുണ്ട്. ഈ പോസ്റ്റർ സോഷ്യലിടത്ത് വൈറലായി കഴിഞ്ഞു. 2026 മമ്മൂക്കയുടേതാണെന്നാണ് പലരും കമന്റുകളായി കുറിക്കുന്നത്. ഒപ്പം സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആവേശവും ആരാധകർ പങ്കിടുന്നുണ്ട്. "കഴിഞ്ഞിട്ടില്ല രാമ കളികൾ തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ, എജാതി കത്തിക്കൽ ഐറ്റം, ഇനി കണ്ടോ..അടിയുടെ ഇടിയുടെ വെടിയുടെ പൊടിപൂരം, ഇതൊരു ഒന്നൊന്നര പൊളി പൊളിക്കും", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

View post on Instagram

മാർക്കോ, കാട്ടാളൻ എന്നിവക്ക് ശേഷം ക്യൂബ്‌സ് എന്റർടെയ്‍ൻമെന്റ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നിയോഗ്, സുഹാസ്, ഷർഫു എന്നിവർ ചേർന്നാണ് രചന. ടികി ടാക്കക് ശേഷം നിയോഗ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കളങ്കാവൽ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത പടം. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ക്രൈം ത്രില്ലർ ഡ്രാമയാണ്. വിനായകൻ ആണ് ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്തത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്