Asianet News MalayalamAsianet News Malayalam

'സോറി പറഞ്ഞാലൊന്നും നമ്മള്‍ താണുപോകില്ല', ജൂഡ് ആന്റണി സംഭവത്തില്‍ മമ്മൂട്ടി

കാലമുണ്ടാക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും മമ്മൂട്ടി.

Mammootty speaks about Jude Antony controversy Nanpakal Nerathu Mayakkam
Author
First Published Jan 18, 2023, 5:02 PM IST

ജൂഡ് ആന്റണിയുടെ സംവിധാനത്തിലുള്ള ചിത്രമായ '2018 എവരിവണ്‍ ഈസ് എ ഹീറോ'യുടെ ടീസര്‍ ലോഞ്ചിനിടെ മമ്മൂട്ടി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പിന്നീട് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തുകയും ചെയ്‍തു. തനിക്ക് അങ്ങനെ സോറി പറയാൻ തോന്നിയതില്‍ സന്തോഷമുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞു. തിരിച്ചറിവുകളുടെ കാലമാണ് ഇതെന്നും പുതിയ ചിത്രമായ 'നൻപകല്‍ നേരത്ത് മയക്ക'ത്തിന്റെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയല്ലാതെ പൊളിറ്റിക്കല്‍ കറക്റ്റന്സൊക്കെ ചര്‍ച്ചയായി വരുന്നുണ്ട് എന്ന് അഭിമുഖകാരി പറഞ്ഞപ്പോഴായിരുന്നു മമ്മൂട്ടി മനസ് തുറന്നത്. അതൊക്കെ കാലം ഉണ്ടാക്കുന്ന മാറ്റമാണ്. അതിനൊപ്പം നമ്മള്‍ നിന്നുകൊടുക്കേണ്ടത് ആവശ്യമാണ്. ആളുകളുടെ പല തിരിച്ചറിവുകളുടെ കാലമാണ്.നമ്മള്‍ പണ്ട് ആലോചിക്കുന്നതുപോലെയല്ല ഇപ്പോള്‍. ആളുകള്‍ തിരിച്ചറിയുന്നു. അത് മനസിലാക്കുന്നു. അതിനെതിരെ പ്രതികരിക്കുന്നു. പ്രതികരിച്ച് ആ അവകാശങ്ങള്‍ സൃഷ്‍ടിച്ചെടുക്കുന്നു. അതൊക്കെ സംഭവിച്ചുകൊണ്ടേയിരിക്കും. ഇനി ഇതിന് അപ്പുറം വരുമെന്നും മമ്മൂട്ടി പറഞ്ഞു. ജൂഡ് ആന്റണിയോട് ഖേദം പ്രകടിപ്പിച്ചതിനെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു. അബദ്ധത്തിലാണെങ്കിലും ഒരാള്‍ക്ക് വിഷമം വരുമ്പോള്‍ സോറി പറഞ്ഞാല്‍ എന്താ. അതുകൊണ്ടൊന്നും നമ്മള്‍ താന്നുപോകാൻ പോകുന്നില്ല. അങ്ങനെ ഒരു മനസുണ്ടാകുന്നത് നല്ലതാ. എനിക്ക് അത് ഉണ്ടായതില്‍ സന്തോഷമുണ്ട്. എന്തേലും അബദ്ധത്തില്‍ ചെയ്‍താണേലും നമുക്ക് സോറി പറയാം എന്നും മമ്മൂട്ടി വ്യക്തമാക്കി.

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം'. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എസ് ഹരീഷിന്റേതാണ് തിരക്കഥ.

ലിജോ ജോസിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ നായകൻ മോഹൻലാലാണ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം.  'മലൈക്കോട്ടൈ വാലിബൻ' എന്ന് പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തുടങ്ങിയിരിക്കുകയാണ്.

Read More: 'ജയിലറി'ലേക്ക് തെലുങ്കില്‍ നിന്നും വമ്പൻ താരം, റിലീസിനായി കാത്ത് ആരാധകര്‍

Follow Us:
Download App:
  • android
  • ios