ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആയിരുന്നു

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ തിയറ്ററുകളില്‍ എത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2024 മെയ് 23 ന് തിയറ്ററുകളിലെത്തിയ ആക്ഷന്‍ കോമഡി ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആയിരുന്നു. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖ്- മമ്മൂട്ടി ടീം ഒന്നിച്ച ചിത്രമായിരുന്നു ഇത്. ടര്‍ബോ ജോസ് എന്ന ടൈറ്റില്‍ റോളില്‍ മമ്മൂട്ടി എത്തിയ ചിത്രം അദ്ദേഹത്തിന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തിയ ഒന്നായിരുന്നു. അതിന്‍റെ ഫലം ബോക്സ് ഓഫീസിലും ദൃശ്യമായി.

മമ്മൂട്ടിയുടെ കരിയറിലെ മൂന്നാമത്തെ ഏറ്റവും വലിയ കളക്ഷനുമായാണ് ചിത്രം ലൈഫ് ടോം ബോക്സ് ഓഫീസ് ക്ലോസ് ചെയ്തത്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ് 72.80 കോടിയാണ്. മമ്മൂട്ടിയുടെ ഫിലിമോഗ്രഫിയില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം ഭീഷ്മ പര്‍വ്വും രണ്ടാമത് കണ്ണൂര്‍ സ്ക്വാഡുമാണ്. തിയറ്ററുകളിലെത്തി രണ്ട് മാസങ്ങള്‍ക്ക് ശേഷം സോണി ലിവിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ സ്ട്രീമിംഗ്. ഒടിടി റിലീസിന് ഒരാഴ്ച മുന്‍പ് ചിത്രത്തിന്‍റെ അറബിക് പതിപ്പ് ജിസിസിയില്‍ തിയറ്റര്‍ റിലീസ് ആയും എത്തിയിരുന്നു.

ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. മാസ് ആക്ഷന്‍ വിഭാ​ഗത്തില്‍ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ ആദ്യമായാണ് എത്തുന്നത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് നടത്തിയത്. സൗദിയില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനുമായിരുന്നു റിലീസ് സമയത്ത് ടര്‍ബോ നേടിയത്.

വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ക്രിസ്റ്റോ സേവ്യര്‍ ആണ്. വേഫെറര്‍ ഫിലിംസ് ആണ് ഇന്ത്യയിലെ തിയറ്റര്‍ വിതരണം നിര്‍വ്വഹിച്ചത്. അഞ്ജന ജയപ്രകാശ്, രാജ് ബി ഷെട്ടി, ശബരീഷ് വര്‍മ്മ, സുനില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

അതേസമയം ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍, മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. കളങ്കാവലില്‍ വിനായകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ വലിയ താരനിരയും അണിനിരക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക