കൊവിഡ് 19ന് എതിരെ വലിയ ജാഗ്രതയിലാണ് രാജ്യം. കൊവിഡ് 19നെ പ്രതിരോധിക്കാനും ബോധവത്‍ക്കരണത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്‍തപ്പോള്‍ പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. തുടക്കത്തില്‍ ചില ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി പ്രമുഖരും സാധാരണക്കാരും രംഗത്ത് എത്തുകയാണ്.  കൊവിഡ് 19നെ പ്രതിരോധിക്കാൻ ജനതാ കര്‍ഫ്യൂവിന് ഒപ്പം അണിചേരുന്നതായി വ്യക്തമാക്കി മമ്മൂട്ടിയും രംഗത്ത് എത്തി.

ജനങ്ങള്‍, ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ജനതാ കര്‍ഫ്യു എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. 22ന് രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ വീടിനു പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം. ജനതാ കര്‍ഫ്യുവിന്റെ സന്ദേശവുമായി ഇന്നും പ്രധാനമന്ത്രിയെത്തി. ജനതാ കര്‍ഫ്യു ഒരു കരുതലാണ് എന്നാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മള്‍ ആരും സുരക്ഷിതരുമല്ല. പക്ഷേ ഇപ്പോള്‍ നമുക്ക് തടയാൻ സാധിക്കും, വൈറസിന്റെ വ്യാപനത്തെ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവില്‍ ഞാനുമുണ്ട്, നിങ്ങളുടെ കൂടെ. ഇതൊരു കരുതലാണ്, സുരക്ഷയ്‍ക്ക് വേണ്ടിയുള്ള കരുതല്‍ എന്നും മമ്മൂട്ടി പറയുന്നു.