'സിബിഐ 5' സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി

നടന്‍ മമ്മൂട്ടി (Mammootty) കൊവിഡ് പോസിറ്റീവ് (Covid Positive) ആയി. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു മമ്മൂട്ടി. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിലവില്‍ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം.

എന്നാല്‍ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഷൂട്ടിംഗ് സംഘത്തിലെ മറ്റാര്‍ക്കും കൊവിഡ് കണ്ടെത്താത്തതിനെ തുടര്‍ന്ന് സിബിഐ 5 ചിത്രീകരണം തുടരുകയാണ്. ഒരു ജനപ്രിയ ഫിലിം ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗം എന്ന നിലയില്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിബിഐ സിരീസിലെ അഞ്ചാം ചിത്രം. നവംബര്‍ അവസാന വാരം ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്‍തത് ഡിസംബര്‍ രണ്ടാംവാരമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' പൂര്‍ത്തിയാക്കിയതിനു ശേഷമാണ് തന്‍റെ പ്രശസ്‍ത കഥാപാത്രമായ 'സേതുരാമയ്യരാ'വാന്‍ മമ്മൂട്ടി ക്യാമറയ്ക്കു മുന്നിലേക്ക് എത്തിയത്.

ചിത്രത്തിന്‍റെ ഒഫിഷ്യല്‍ സ്റ്റില്‍ മമ്മൂട്ടി നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ലിജോ ചിത്രവും സിബിഐ 5ഉും കൂടാതെ നവാഗതയായ റത്തീനയുടെ പുഴു, അമല്‍ നീരദിന്‍റെ ഭീഷ്‍മ പര്‍വ്വം എന്നിവയും മമ്മൂട്ടിയുടെ അപ്‍കമിംഗ് പ്രോജക്റ്റുകള്‍ ആണ്.