വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ 'മാമാങ്കം' ചിത്രീകരണത്തിലേക്ക് മമ്മൂട്ടി. മാമാങ്കത്തിന്റെ കൊച്ചി ഷെഡ്യൂളിലാണ് മമ്മൂട്ടി ജോയിന്‍ ചെയ്യുക. എന്നാല്‍ കഥാപാത്രത്തിനായി അപ്പിയറന്‍സില്‍ ചില്ലറ വ്യത്യാസം വരുത്തേണ്ടതുണ്ട്. മധുരരാജയില്‍ കൊമ്പന്‍ മീശ വച്ച കഥാപാത്രമാണെങ്കില്‍ മാമാങ്കത്തിന്റെ ഇനി അഭിനയിക്കുന്ന ഭാഗങ്ങളിലേക്ക് താടി നീട്ടേണ്ടതുണ്ട് അദ്ദേഹത്തിന്.

ഹനീഫ് അദേനിയുടെ തിരക്കഥയില്‍ വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന അമീര്‍ ആണ് മമ്മൂട്ടിയുടെ മുന്നിലുള്ള മറ്റൊരു ചിത്രം. ജൂണ്‍ മാസത്തില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകളിലാവും എത്തുക. ദുബൈ പശ്ചാത്തലമാവുന്ന അമീറില്‍ ഒരു അധോലോകനായകന്റെ റോളിലാണ് മമ്മൂട്ടി എത്തുക എന്നാണ് വിവരം.

തമിഴ് ചിത്രം പേരന്‍പിനും തെലുങ്ക് ചിത്രം യാത്രയ്ക്കും ശേഷം മമ്മൂട്ടിയുടേതായി തീയേറ്ററുകളിലെത്തുക മധുരരാജയാണ്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം. ഇരുവരും വൈശാഖിനൊപ്പം പുലിമുരുകനിലും സഹകരിച്ചിരുന്നു. ഗോപി സുന്ദര്‍ സംഗീതം. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നാണ് ചിത്രം. വിഷുവിന് തീയേറ്ററുകളിലെത്തും.