ക്രിസ്മസ് റിലീസായി പ്ലാന്‍ ചെയ്തിരുന്ന മമ്മൂട്ടി ചിത്രം 'ഷൈലോക്കി'ന്റെ റിലീസ് മാറ്റി. മറ്റൊരു മമ്മൂട്ടി ചിത്രമായ 'മാമാങ്ക'ത്തിന്റെ റിലീസ് നേരത്തേ തീരുമാനിച്ചതില്‍ നിന്ന് മാറ്റിയതാണ് 'ഷൈലോക്കി'ന്റെ റിലീസ് മാറ്റത്തിന് പിന്നില്‍. 'ഷൈലോക്കി'ന്റെ എല്ലാ ജോലികളും തീര്‍ന്നിരുന്നുവെന്നും എന്നാല്‍ 'മാമാങ്ക'ത്തിനുവേണ്ടി വഴിമാറിക്കൊടുക്കുകയാണെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഡിസംബര്‍ 20ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം ഇനി ജനുവരി 23നാണ് റിലീസ് ചെയ്യുക.

 

'സ്‌നേഹിതരെ, ഷൈലോക്കിന്റെ എല്ലാ വര്‍ക്കും തീര്‍ന്ന് ഡിസംബര്‍ 20ന് റിലീസ് പ്ലാന്‍ ചെയ്തതാണ്. എന്നാല്‍ മമ്മൂക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് അവര്‍ക്കുവേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണ്. എന്നാല്‍ ആരൊക്കെയോ പറയുന്നതുപോലെ മാര്‍ച്ചില്‍ അല്ല നമ്മള്‍ ഷൈലോക്ക് റിലീസ് ചെയ്യുന്നത്. ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23 വ്യാഴാഴ്ചയാണ്. ഒരു കാര്യം ഉറപ്പാണ്. എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമാ തീയേറ്ററുകളിലെ യഥാര്‍ത്ഥ ഓണവും ക്രിസ്മസും വിഷുവും. ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്', ജോബി ഫേസ്ബുക്കില്‍ കുറിച്ചു.

ഇതോടെ മലയാളത്തില്‍ ക്രിസ്മസ് റിലീസുകളായി എത്തുമെന്ന് കരുതപ്പെടുന്ന ചിത്രങ്ങളുടെ എണ്ണം നിലവില്‍ മൂന്നായി ചുരുങ്ങി. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂടും ഒരു പ്രധാന വേഷത്തിലെത്തുന്ന ലാല്‍ ജൂനിയര്‍ ചിത്രം ഡ്രൈവിംഗ് ലൈസന്‍സ്, ജയസൂര്യയെ നായകനാക്കി നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം, ഷെയ്ന്‍ നിഗം നായകനാവുന്ന ഡിമല്‍ ഡെന്നിസ് ചിത്രം വലിയ പെരുന്നാള്‍ എന്നിവയാണ് നിലവില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്ന ക്രിസ്മസ് റിലീസുകള്‍. അതേസമയം ഈ മാസം 21ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ പുതുക്കിയ റിലീസ് തീയ്യതി ഡിസംബര്‍ 12 ആണ്.