മലയാളത്തിലെ രണ്ടാമത്തെ നേരിട്ടുള്ള ഒടിടി റിലീസ് ആയി തിരുവോണദിനത്തില്‍ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് 'മണിയറയിലെ അശോകന്‍'. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ അദ്ദേഹം അതിഥിവേഷത്തില്‍ എത്തുകയും ചെയ്തിരുന്നു. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്നു. ഏഷ്യാനെറ്റിലൂടെയാണ് ചിത്രം എത്തുന്നത്.

28-ാം ഓണം സ്പെഷ്യല്‍ ആയി ഈ മാസം 27ന് (ഞായറാഴ്ച) വൈകിട്ട് ആറിനാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ ഷംസു സായ്ബാ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ വിനീത് കൃഷ്ണന്‍റേതാണ്. ഛായാഗ്രഹണം സജാദ് കാക്കു.