Asianet News MalayalamAsianet News Malayalam

നഴ്സസ് ദിനത്തിൽ മാലാഖമാർക്ക് അഭിവാദ്യമർപ്പിച്ച് മനോജ് കെ ജയൻ

പ്രവാസി മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ ഓൾ ഇന്റർനാഷണൽ മലയാളി നഴ്സസ് അസംബ്ലി(എയിംന)യുടെ പ്രവർത്തകരെയാണ് അദേഹം അഭിവാദ്യമറിയിച്ചത്. 

manoj k jayan message about nurses day
Author
Kochi, First Published May 12, 2021, 4:23 PM IST

തിനു മുമ്പ് ഒരിക്കലും ലോകം ഇതുപോലെയായിരുന്നില്ല. ഇനിയെന്നാണ് പഴയതുപോലെ ആകുന്നത് എന്നറിയുകയുമില്ല. എന്നാൽ ഒന്നറിയാം, ലോകം കണ്ട ഏറ്റവും വലിയ മഹാമാരിക്കാലത്ത്, മാനവരാശി അതിൻ്റെ നിലനിൽപ്പിനായി നടത്തുന്ന മഹായുദ്ധത്തിൽ ഓരോ മനുഷ്യനും പ്രത്യാശയർപ്പിക്കുന്നത് ദൈവദൂതരായ ആരോഗ്യപ്രവർത്തകരിലാണ്. ആ പ്രതിരോധ സേനയിൽ സാന്ത്വനത്തിന്റെ വിളക്കുമായി മുന്നിലുണ്ട് മണ്ണിലിറങ്ങിയ മാലാഖമാർ - നഴ്സുമാർ. അതിജീവനത്തിൻ്റെ, സമാശ്വാസത്തിന്റെ പൊൻകിരണമായ ആ സന്നദ്ധസേവകരെ ലോകം കൃതജ്ഞതയോടെ ഓർക്കുന്ന ദിനമാണ് ഇന്ന്. കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായ, ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാർക്ക് ആശംസയുമായി എത്തുകയാണ് മലയാളത്തിന്റെ പ്രിയ താരം മനോജ് കെ ജയൻ. പ്രവാസി മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ ഓൾ ഇന്റർനാഷണൽ മലയാളി നഴ്സസ് അസംബ്ലി(എയിംന)യുടെ പ്രവർത്തകരെയാണ് അദേഹം അഭിവാദ്യമറിയിച്ചത്. ആശംസാ വീഡിയോ തൻ്റെ ഫേസ്ബുക്ക് പേജിൽ താരം പങ്കുവയ്ക്കുകയും ചെയ്തു. 

മനോജ് കെ ജയന്റെ വാക്കുകൾ

ഇന്ന് നഴ്സുമാർക്ക് ഒരു ആശംസ പറയാൻ കഴിഞ്ഞില്ലെങ്കിൽ അത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായി കാണേണ്ടിവരും. കാരണം അത്രയധികം നമ്മൾക്കെല്ലാം വേണ്ടി ജീവിക്കുന്ന, പൊരുതുന്ന മുന്നണിപ്പോരാളികളാണ് അവർ. പ്രത്യേകിച്ച് ഈ കൊവിഡ് ദുരന്ത കാലഘട്ടത്തിൽ, കഴിഞ്ഞ ഒരു വർഷത്തിലേറെയായി സ്വന്തം ജീവിതം, കുടുംബത്തിൻറെ ഭാവി എന്നിവയെല്ലാം മുൾമുനയിൽ നിർത്തി പ്രവർത്തിക്കുന്നവരാണ് അവർ - ജീവൻ്റെ വിലയുള്ള സേവനം. നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം. തുലനം ചെയ്യാൻ മറ്റൊരു ജനസമൂഹമുണ്ടെന്ന് തോന്നുന്നില്ല; ശരിക്കും ദൈവം കനിഞ്ഞനുഗ്രഹിച്ച് നിയോഗിച്ച മാലാഖമാർ.  ഒരുപാട് നന്ദി, സ്നേഹം; നിങ്ങളൊരോരുത്തർക്കും നല്ലതു വരട്ടെ- മനോജ് കെ. ജയൻ പറഞ്ഞുനിർത്തുന്നു. ഒപ്പം നാലുവരി പാട്ടും പാടുന്നു " മുത്തുമണി തൂവൽ തരാം.. അല്ലിത്തളിരാട തരാം...

തയ്യാറാക്കിയത് : രജീഷ് നിരഞ്ജൻ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios