തൃഷ വിഷയത്തില്‍ പ്രതികരിച്ചതോടെയാണ് മന്‍സൂര്‍ അലി ഖാന്‍റെ പരാമര്‍ശം പൊതുശ്രദ്ധയിലേക്ക് എത്തിയത്

തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. വിജയ് ചിത്രം ലിയോയില്‍ അഭിനയിക്കുമ്പോള്‍ നായിക തൃഷയുമൊത്ത് ഒരു കിടപ്പറ രംഗം ലഭിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ അത് ഉണ്ടായില്ലെന്നുമാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. മുന്‍പ് ഒരു വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തൃഷ തന്നെ ഇന്നലെ ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയതോടെയാണ് ഇതിന് വാര്‍ത്താപ്രാധാന്യം കൈവന്നത്. പിന്നാലെ ലിയോ സംവിധായകന്‍ ലോകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വ്യാപക വിമര്‍ശനവും മന്‍സൂര്‍ അലി ഖാനെതിരെ ഉണ്ടായി. ഇപ്പോഴിതാ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്‍സൂര്‍.

മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ച വാട്സ്ആപ് മെസേജിലൂടെയാണ് മന്‍സൂര്‍ അലി ഖാന്‍റെ പ്രതികരണം. അതില്‍ പറയുന്നത് ഇങ്ങനെ- ആ അഭിമുഖത്തില്‍ തൃഷയെ ഏറെ പ്രശംസിച്ചുകൊണ്ടാണ് ഞാന്‍ സംസാരിച്ചത്. പക്ഷേ വിവാദം ഉണ്ടാക്കാനായി എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിപ്പിച്ചത്. പഴയ ചിത്രങ്ങളില്‍ നായികമാരുമൊത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല. അതിലുള്ള ദു:ഖം ഹാസ്യാത്മകമായി അവതരിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. പക്ഷേ തെറ്റായ രീതിയിലാണ് വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടത്. അതാണ് തൃഷയിലേക്കും എത്തിയത്. ഒപ്പം അഭിനയിക്കുന്ന നടിമാരെ ബഹുമാനിക്കുന്ന ആളാണ് ഞാനെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തന്‍റെ വരാനിരിക്കുന്ന ചിത്രത്തെയും രാഷ്ട്രീയ ഭാവിയെയും തകര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വ്വമുള്ള ശ്രമമാണ് ഇതെന്നും മന്‍സൂര്‍ അലി ഖാന്‍ ആരോപിക്കുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മന്‍സൂര്‍ അലി ഖാന്‍ മത്സരിക്കുന്നുണ്ട്. 

അതേസമയം പശ്ചാത്താപമോ ക്ഷമാപണമോ ഇല്ലാത്ത മന്‍സൂര്‍ അലി ഖാന്‍റെ പ്രതികരണത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. വിമര്‍ശനം ഉയര്‍ന്നതിന്‍റെ കാരണം പോലും അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നാണ് പലരുടെയും പ്രതികരണം. പ്രതികരണത്തിന്‍റെ വാട്സ്ആപ് സ്ക്രീന്‍ഷോട്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

Scroll to load tweet…

മന്‍സൂര്‍ അലി ഖാന്‍റെ വിവാദ പരാമര്‍ശം

തൃഷയുമൊത്ത് അഭിനയിക്കാന്‍ പോവുകയാണെന്ന് മനസിലാക്കിയപ്പോള്‍ ചിത്രത്തില്‍ ഒരു കിടപ്പറ രംഗം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. മുന്‍ ചിത്രങ്ങളില്‍ മറ്റ് പല നടിമാരെയും കൊണ്ടുപോയതുപോലെ തൃഷയെയും കിടപ്പറയിലേക്ക് എടുത്തുകൊണ്ട് പോകാമെന്ന് ഞാന്‍ കരുതി. റേപ്പ് സീനുകള്‍ എനിക്ക് ഒരു പുതുമയല്ല. അനവധി സിനിമകളില്‍ അത്തരം രംഗങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ലിയോയുടെ കശ്മീര്‍ ഷെഡ്യൂളില്‍ ഇവരെന്ന തൃഷയെ കാണിച്ചത് പോലുമില്ല.

തൃഷയുടെ പ്രതികരണം

മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിനെ ശക്തമായി അപലപിക്കുകയാണ്. സെക്സിസ്റ്റും അനാദരവുള്ളതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതും മോശം അഭിരുചിയുള്ളതുമായ ഒരു പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും അഭിനയിക്കേണ്ടിവരാത്തതില്‍ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. എന്റെ സിനിമാ ജീവിതത്തില്‍ അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്.

ALSO READ : 'ഇനി ദേഹത്ത് തൊട്ടാല്‍ നീ മദ്രാസ് കാണില്ല'; മന്‍സൂര്‍ അലി ഖാനുമായുള്ള അനുഭവം പറഞ്ഞ് ഹരിശ്രീ അശോകന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക