മലയാളം സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം. മോഹൻലാലിനെ നായകനാക്കി പ്രിയദര്‍ശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കലാ സംവിധാനത്തിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

കടല്‍ രംഗത്തിന് വേണ്ടി വലിയ ടാങ്കിനുള്ളില്‍ സെറ്റിട്ടാണ് ഒരുക്കിയതെന്ന് കലാ സംവിധായകൻ സാബു സിറില്‍ പറയുന്നു. മറ്റ് ബിഗ് ബജറ്റ് ചിത്രങ്ങളെ പോലെയല്ലായിരുന്നു മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം. ബജറ്റിന്റെ പരിമിതികള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പല തരത്തിലുള്ള പുതിയ ആശയങ്ങളും പരീക്ഷിക്കേണ്ടി വന്നു. ചിത്രത്തിലെ കടല്‍ രംഗത്തിനു വേണ്ടി വലിയ ടാങ്കിനുള്ളില്‍ സെറ്റിട്ടാണ് തിരമാല ഒരുക്കിയ്. ഇത് ബജറ്റ് കുറഞ്ഞ രീതിയിലും എന്നാല്‍ വളരെ ഫലപ്രദമായ രീതിയിലാണെന്നും സാബു സിറില്‍ പറഞ്ഞു. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആയിരുന്നു സാബു സിറില്‍ ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക വിദ്യകളോടെയാണ് ചിത്രം ഒരുക്കുന്നത് എന്ന് നേരത്തെ മോഹൻലാലും പറഞ്ഞിരുന്നു.