കന്നഡ സിനിമാപ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അകാലവിയോഗം. മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ മേഘ്ന‍ രാജിന്‍റെ ഭര്‍ത്താവ് എന്ന നിലയില്‍ മലയാളികള്‍ക്കിടയിലും ഈ വിയോഗവാര്‍ത്ത പ്രതികരണങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചീരു എന്ന് ചെല്ലപ്പേരുള്ള ചിരഞ്ജീവി സര്‍ജ മരിക്കുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‍ന. സോഷ്യല്‍ മീഡിയയിലെ അപൂര്‍വ്വം പോസ്റ്റുകളിലൂടെ മാത്രമാണ് ഭര്‍ത്താവിന്‍റെ മരണത്തിനുശേഷം മേഘ്ന പ്രതികരിച്ചിരുന്നതെങ്കില്‍ ഇപ്പോഴിതാ ആദ്യമായി ഒരു അഭിമുഖം കൊടുത്തിരിക്കുകയാണ് അവര്‍. ഭര്‍ത്താവിന്‍റെ വിയോഗം സൃഷ്ടിച്ച വിടവിനെക്കുറിച്ചും ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിനെക്കുറിച്ചുമൊക്കെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മേഘ്ന പ്രതികരിക്കുന്നു.

ചീരുവിന്‍റെ മരണം സംഭവിച്ച ജൂണ്‍ 7 എന്ന ദിവസത്തെ അഭിമുഖത്തില്‍ മേഘ്ന ഇങ്ങനെ ഓര്‍ക്കുന്നു, "ഒരു സാധാരണ ഞായറാഴ്ച ദിവസം പോലെയാണ് ആ ദിവസം ആരംഭിച്ചത്. ധ്രുവയ്ക്കും (ചീരുവിന്‍റെ സഹോദരന്‍), പ്രേരണയ്ക്കുമൊപ്പം (ധ്രുവയുടെ ഭാര്യ) വീടിനുപുറത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. ചീരു വീണെന്നു പറഞ്ഞ് അദ്ദേഹത്തിന്‍റെ അച്ഛന്‍ ഞങ്ങളെ വിളിക്കുകയായിരുന്നു. ചീരുവിനെ ഒരിക്കലും ഞാന്‍ അങ്ങിനെ കണ്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടിരുന്നു. ഇടയ്ക്ക് ചെറുതായി ബോധം വീഴുന്നുമുണ്ടായിരുന്നു. ആംബുലന്‍സ് വിളിക്കുന്നതിനു പകരം കാറില്‍ത്തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. അവിടെയെത്തി പരിശോധിച്ച ഡോക്ടര്‍മാര്‍ സംഭവിച്ചത് ഒരു ഹൃദയാഘാതമായിരുന്നെന്ന് പറഞ്ഞു. എല്ലാം വളരെ പെട്ടെന്നായിരുന്നു. വീട്ടില്‍വച്ച് ബോധം തിരിച്ചുകിട്ടിയ ഒരു നിമിഷം അദ്ദേഹം എന്നോട് പറഞ്ഞതേ എനിക്ക് ഓര്‍മ്മയുള്ളൂ. തന്നെയോര്‍ത്ത് ആശങ്ക വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതായിരുന്നു അദ്ദേഹം എന്നോട് അവസാനം പറഞ്ഞ വാക്കുകള്‍", മേഘ്ന പറയുന്നു.

 

ജൂണ്‍ ഏഴ് എന്ന ദിവസത്തിനുശേഷമുള്ള ദിവസങ്ങള്‍ തന്നെ സംബന്ധിച്ച് ഒരു പുകമറ പോലെയാണെന്നും ബുദ്ധിമുട്ടേറിയ ദിവസങ്ങളാണ് പിന്നിട്ടതെന്നും മേഘ്ന പറയുന്നു. "ഒരു ദു:സ്വപ്നം കണ്ടതാണെന്ന് ചിലപ്പോഴൊക്കെ ഞാന്‍ ധരിച്ചുപോയിരുന്നു. എല്ലാം പഴയപടി ആവുമെന്നും. പക്ഷേ..", മേഘ്ന പറയുന്നു. കൊവിഡ് ലോക്ക് ഡൗണ്‍ കാലം തന്നെയും ചീരുവിനെയും സംബന്ധിച്ച് ഏറെ മനോഹരമായിരുന്നെന്നും ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച കാലയളവായിരുന്നു അതെന്നും മേഘ്ന പറയുന്നു. "മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലം ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ നിമിഷവും ഞങ്ങള്‍ ഒരുമിച്ചാണ് ചെലവഴിച്ചത്. ഒരാള്‍ പുതുതായി വരാനിരിക്കുന്നു എന്ന പ്രതീക്ഷ ആ സമയത്തെ കൂടുതല്‍ മനോഹരമാക്കി. ലോക്ക് ഡൗണിനോട് എനിക്ക് അക്കാര്യത്തില്‍ കടപ്പാടുണ്ട്. അദ്ദേഹത്തിന് ജോലിയുള്ള സമയമായിരുന്നെങ്കില്‍ ഒരുമിച്ച് ചെലവിടാന്‍ ഇത്രയും സമയം കിട്ടുമായിരുന്നില്ല", മേഘ്ന പറയുന്നു.