ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെ ഇരകളാവാറുണ്ട് പലപ്പോഴും ചലച്ചിത്ര താരങ്ങള്‍. പ്രശസ്തരുടെ വ്യാജ മരണവാര്‍ത്തകളാണ് മിക്കപ്പോഴും പ്രചരിക്കാറുള്ളതെങ്കില്‍ ഒരു അഭിനേത്രി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നാണ് തെലുങ്ക് യുട്യൂബ് ചാനലുകള്‍ വ്യാജമായി പ്രചരിപ്പിച്ചത്. നടി മേഘ്ന രാജിനെക്കുറിച്ചാണ് ഒരുകൂട്ടം തെലുങ്ക് യുട്യൂബ് ചാനലുകളില്‍ ഇത്തരത്തില്‍ പ്രചരണം നടന്നത്. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടതോടെ മേഘ്ന തന്നെ പ്രതികരണവുമായി എത്തി.

വാസ്തവം എന്ന മട്ടില്‍ വ്യാജം പ്രചരിപ്പിക്കുന്നവര്‍ക്ക് ശ്രദ്ധ കൊടുക്കരുതെന്നും വ്യക്തിപരമായ കാര്യങ്ങള്‍ താന്‍ തന്നെ നേരിട്ട് അറിയിക്കുമെന്നും മേഘ്‍ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വ്യാജപ്രചരണം നടത്തുന്ന യുട്യൂബ് ചാനലുകളില്‍ ചിലതിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചുകൊണ്ടാണ് അവരുടെ പ്രതികരണം. "എല്ലാവര്‍ക്കും നമസ്കാരം. ഞാന്‍ നിങ്ങളോട് എന്തെങ്കിലും വിനിമയം ചെയ്തിട്ട് കുറച്ചായി. വൈകാതെ ഞാന്‍ സംസാരിക്കാം. അതുവരെ ആരാധകരോടും ഫോളോവേഴ്സിനോടുമുള്ള എന്‍റെ അഭ്യര്‍ഥന ഇതാണ്. കാഴ്ച്ചക്കാരെ നേടുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് വസ്തുതയെന്ന മട്ടില്‍ പടച്ചുവിടുന്ന വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും ശ്രദ്ധ കൊടുക്കരുത്. എന്നെക്കുറിച്ചോ എന്‍റെ കുടുംബാംഗങ്ങളെക്കുറിച്ചോ ഉള്ള വിവരം ഞാന്‍ തന്നെ നേരിട്ട് നിങ്ങളെ അറിയിക്കും", മേഘ്‍ന കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

Youtube videos 🙏🏻

A post shared by Meghana Raj Sarja (@megsraj) on Sep 24, 2020 at 1:57am PDT

"എന്‍റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് എത്ര നന്നായി ഇവര്‍ക്കറിയാം.. എനിക്ക് തന്നെ അറിയാത്ത കാര്യം പോലും ഇവര്‍ക്ക് അറിയാം. വളരെ നല്ല ഫോട്ടോഷോപ്പിംഗ്. ഇവരില്‍ നിന്ന് അതും പഠിക്കണം", വ്യാജവാര്‍ത്തയുടെ ഒരു സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് മേഘ്‍ന പരിഹസിച്ചു. മേഘ്‍നയുടെ ഭര്‍ത്താവും കന്നഡ സിനിമയിലെ പ്രമുഖ യുവതാരവുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഭര്‍ത്താവിന്‍റെ മരണസമയത്ത് ഗര്‍ഭിണിയായിരുന്നു മേഘ്‍ന.