'ഹനു-മാൻ' എന്ന ചിത്രത്തിന് ശേഷം തേജ സജ്ജ നായകനായ 'മിറൈ' ബോക്സ് ഓഫീസിൽ വൻ വിജയം നേടുന്നു. ആഗോള ബോക്സ് ഓഫീസില്‍ മികച്ച നേട്ടം

തെലുങ്ക് യുവതാരം തേജ സജ്ജയ്ക്ക് കരിയറിലെ ഏറ്റവും വലിയ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ ഹനു-മാന്‍. 40 കോടി ബജറ്റില്‍ എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 300 കോടിയില്‍ ഏറെയാണ്. ഇപ്പോഴിതാ തേജ സജ്ജയുടെ അടുത്ത ചിത്രവും ബോക്സ് ഓഫീസില്‍ പണം വാരുകയാണ്. കാര്‍ത്തിക് ഗട്ടംനേനിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം മിറൈ ആണ് അത്. ചിത്രത്തിന്‍റെ വിജയത്തില്‍ നായകനും സംവിധായകനും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് നിര്‍മ്മാതാവ്.

ഈ മാസം 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ എത്തിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. മലയാളമുള്‍പ്പെടെ ബഹുഭാഷകളില്‍ എത്തിയ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിനൊപ്പം ഹിന്ദി പതിപ്പും ബോക്സ് ഓഫീസില്‍ നല്ല പ്രകടനം നടത്തുന്നുണ്ട്. തെലുങ്ക് പതിപ്പിന്‍റെ ഇതുവരെയുള്ള ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 50.87 കോടിയും ഹിന്ദി പതിപ്പിന്‍റെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 13.05 കോടിയുമാണ്.

പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബുധനാഴ്ച വിജയവാഡയില്‍ നടത്തിയ ചിത്രത്തിന്‍റെ വിജയാഘോഷ വേദിയില്‍ വിശ്വ പ്രസാദ് തേജ സജ്ജയ്ക്കും സംവിധായകന്‍ കാര്‍ത്തിക് ഗട്ടംനേനിക്കുമുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കാറുകള്‍ സമ്മാനിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഏത് വേണമെന്ന് അവര്‍ക്ക് സ്വയം തെരഞ്ഞെടുക്കാമെന്നും നിര്‍മ്മാതാവ് പറഞ്ഞു.

പീപ്പിള്‍ മീഡിയ ഫാക്റ്ററിയെ സംബന്ധിച്ച് സുപ്രധാനമായ ഒരു നാഴികക്കല്ലാണ് മിറൈ. വാണിജ്യ വിജയത്തിനൊപ്പം ചിത്രം നിരൂപക പ്രശംസയും നേടിത്തന്നു. ഞാന്‍ ഏറെ സന്തോഷവാനാണ് ഇപ്പോള്‍. ഈ ടീമിനെക്കുറിച്ച് വളരെ അഭിമാനവുമുണ്ട്, വിശ്വ പ്രസാദ് വിജയാഘോഷ വേദിയില്‍ പറഞ്ഞു. 60 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പീപ്പിള്‍ മീഡിയ ഫാക്റ്ററിക്ക് മികച്ച വിജയം എന്നതിനൊപ്പം തേജ സജ്ജയുടെ കരിയറിലും ഗുണമുണ്ടാക്കും ഈ ചിത്രം. ഹനു-മാന് തൊട്ടുപിന്നാലെ ഒരു 100 കോടി ക്ലബ്ബ് നേട്ടം കൂടി വരുന്നതോടെ കൂടുതല്‍ പ്രോജക്റ്റുകള്‍ അദ്ദേഹത്തെ തേടിയെത്താനാണ് സാധ്യത.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming