ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ മിഥുന്‍ രമേശ് നായകനാവുന്ന ചിത്രമാണ് 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം'. ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ രചയിതാക്കളില്‍ ഒരാളായ രാജു ചന്ദ്രയാണ് തിരക്കഥയും സംവിധാനവും. സിനിമയുടെ ചിത്രീകരണം ദുബൈയില്‍ പൂര്‍ത്തിയായി. ഗോള്‍ഡന്‍ എസ് പിക്ചറിന്റെ ബാനറില്‍ സിനോ ജോണ്‍ തോമസ്, ശ്യാംകുമാര്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പൂര്‍ണമായും ദുബൈയില്‍ ആയിരുന്നു ചിത്രീകരണം. 

ദുബൈയിലെ സ്ഥിരതാമസക്കാരായ രണ്ട് മലയാളി ക്രിസ്ത്യന്‍ കുടുംബങ്ങളുടെ കഥയാണ് ചിത്രം. ആ കുടുംബങ്ങളിലെ പുതുമുറക്കാരാണ് ജിമ്മി ജോണ്‍ അടയ്ക്കാക്കാരനും ജാന്‍സി വെറ്റിലകാരനും. ഇവര്‍ വിവാഹിതരാവുന്നിടത്തുനിന്നാണ് സിനിമയുടെ അപ്രതീക്ഷിത വഴിത്തിരിവുകള്‍ സംഭവിക്കുന്നത്.
മിഥുന്‍ രമേശ് നായകനാവുമ്പോള്‍ ദിവ്യ പിള്ളയാണ് നായിക. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിര്‍മല്‍ പാലാഴി, സുനില്‍ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായര്‍, നിഷ മാത്യു എന്നിവരും അഭിനയിക്കുന്നു.