Asianet News MalayalamAsianet News Malayalam

ആര്യൻഖാന്‍റെയും കൂട്ട് പ്രതികളുടേയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

കപ്പൽ യാത്രയുടെ സംഘാടകർക്ക് ലഹരി ഉപയോഗത്തിന് പിന്നിലുള്ള പങ്കിനെക്കുറിച്ച് തെളിവുകൾ കിട്ടിയതായി എൻസിബി പറയുന്നു. കപ്പലിൽ പരിപാടികൾ സംഘടിപ്പിച്ച കമ്പനിയിലെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

mobile phones of aryan khan and his co-accused were sent for forensic examination
Author
Mumbai, First Published Oct 6, 2021, 2:05 PM IST

മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ  ആര്യൻഖാന്‍റെയും കൂട്ട് പ്രതികളുടേയും മൊബൈൽ ഫോണുകൾ എൻസിബി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.  കപ്പൽ യാത്രയുടെ സംഘാടകർക്ക് ലഹരി ഉപയോഗത്തിന് പിന്നിലുള്ള പങ്കിനെക്കുറിച്ച് തെളിവുകൾ കിട്ടിയതായി എൻസിബി പറയുന്നു. കപ്പലിൽ പരിപാടികൾ സംഘടിപ്പിച്ച കമ്പനിയിലെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

അന്വേഷണം ആര്യൻഖാനിലും അദ്ദേഹത്തിന്‍റെ കൂട്ടുകാരിലും ഒതുങ്ങി നിൽക്കില്ലെന്ന് വ്യക്തമാക്കിയ എൻസിബി കേസന്വേഷണം പല വഴി അതിവേഗം മുന്നോട്ട് കൊണ്ടുപോവുകയാണ്. കപ്പൽ യാത്രയിലെ സംഗീത നിശയടക്കം പരിപാടികൾ സംഘടിപ്പിച്ചത് ഫാഷൻ ടിവി ഇന്ത്യയും ദില്ലി ആസ്ഥാനമായ നമാസ് ക്രൈ എന്ന സ്ഥാപനവുമാണ്. അതിഥികളെ ക്ഷണിച്ചതും ടിക്കറ്റുകൾ വിറ്റതുമടക്കം നമാസ് ക്രൈ നേരിട്ടാണ്.  സ്ഥാപനത്തിലെ രണ്ട് അഡീഷണൽ ഡയറക്ടർമാർ അടക്കം നാല് പേരാണ് അറസ്റ്റിലായത്. കമ്പനിയിലെ മൂന്ന് പേരെകൂടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇവർ ഒളിവിലാണ്. 

കപ്പൽ ഉടമകളായ കോർഡേലിയ ക്രൂയിസ് കമ്പനിയുടെ സിഇഒയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ആര്യൻഖാന്‍റെ എൻസിബി കസ്റ്റഡി നാളെ അവസാനിക്കും. ചോദ്യം ചെയ്യലിന് ആര്യൻ പൂർണമായും സഹകരിക്കുന്നുണ്ടെന്ന് എൻസിബി പറയുന്നു. ആര്യന്‍റെയും കൂട്ട് പ്രതികളുടേയും മൊബൈൽ ഫോണുകൾ ഗാന്ധിനഗറിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. അതേസമയം ഷാറൂഖ് ഖാന്‍റെ മുംബൈയിലെ വീടായ മന്നത്തിന് മുന്നിൽ പിന്തുണ അറിയിച്ച് ആരാധകരെത്തി. 

Follow Us:
Download App:
  • android
  • ios