അമന്‍ റോഷ്‌നി എന്നിവരുടെ പ്രണയവും, ഒരു കെട്ടുകഥയെന്നോണം അവര്‍ ബന്ധപ്പെട്ടുകിടക്കുന്നതിന്റെ ദുരൂഹതകളും പ്രേക്ഷക മനസ്സിലേക്ക് മധുരമായി പെയ്‍തിറങ്ങുന്ന പരമ്പരയാണ് മൊഹബത്ത്. ആരേയും അമ്പരപ്പിക്കുന്ന ഗ്രാഫിക്‌സ്, വസ്ത്രാലങ്കാരം, കഥ എന്നിവ കൊണ്ട് 12 എപ്പിസോഡുകള്‍കൊണ്ടുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ മൊഹബത്ത് തരംഗം സൃഷ്‍ടിച്ചിരിക്കുന്നു.  മാന്ത്രിക കഴിവുകളുള്ള നായകനാണ് അമന്‍. സമ്പന്നമായ കുടുംബമാണ് അമന്റേത്. അമന്റെ ഉപ്പ മറ്റൊരു സ്ത്രീയ വിവാഹം കഴിച്ചിരിക്കയാണ്. പണ്ട് മാന്ത്രികവിളക്കില്‍ നിന്ന് ജിന്നിനെ കൊണ്ടുവന്നാണ് അമന്റെ അച്ഛന്‍ പണക്കാരനായത്. ജിന്നില്‍നിന്നും എന്തെങ്കിലും സ്വീകരിച്ചാല്‍ അതിന് പ്രത്യുപകാരമായി ജിന്ന് എന്തെക്കിലും ചോദിക്കും. ഈയൊരു കെട്ടുകഥയിലൂടെയാണ് പരമ്പര മുന്നേറുന്നത്.

പണ്ട് ജിന്ന് പ്രത്യുപകാരമായി ചോദിച്ചത് അമനെയായിരുന്നു. അമന്റെ ഉപ്പ അത് സമ്മതിച്ചതുമാണ്. അമനെ കൊണ്ടുപോകാനായി ജിന്ന് എത്തുന്നതാണ് കഥയുടെ അടിത്തറ. പണ്ട് മാന്ത്രികവിളക്കിനായി അമന്റെ ഉപ്പ ഒരു പെണ്‍കുട്ടിയെ പുഴയില്‍ എറിഞ്ഞിരുന്നു. അവളെ കണ്ടെത്തി വിവാഹം ചെയ്‍താല്‍ മാത്രമേ ഇനി അമന് രക്ഷയുള്ളു. അയാന എന്ന പേരുള്ള പഴയ ആ കുട്ടി റോഷ്‌നിയാണെന്ന് അമന്‍ കണ്ടെത്തുന്നു. എന്നാല്‍ റോഷ്‌നി ഒരു ബാര്‍ ഡാന്‍സറായ ഉമ്മയുടെ മകളാണെന്നറിഞ്ഞ അമന്‍ സങ്കടത്തിലാണ്. അമന്റെ ഉമ്മ റോഷ്‌നിയെ വീട്ടിലേക്ക് സ്വീകരിക്കാന്‍ ഒരുക്കവുമല്ല.

റോഷ്‌നിയുടെ വീട്ടിലും പ്രശ്‌നങ്ങളാണ്. വളരെ പാവപ്പെട്ട കുടുംബമാണ് റോഷ്‌നിയുടേത്. ബാര്‍ നര്‍ത്തകിയായ ഉമ്മ അവളെ പുഴയില്‍ നിന്ന് എടുത്ത് വളര്‍ത്തിയതാണ്. അത് റോഷ്‌നിക്ക് അറിയുകയും ചെയ്യാം. റോഷ്‌നി വളര്‍ന്നുകഴിയുമ്പേള്‍ അവളെ വലിയ വിലയ്ക്ക് വില്‍ക്കാനാണ് ഉമ്മ വളര്‍ത്തിയത് എന്നറിയുമ്പോള്‍ പ്രേക്ഷകന് ഞെട്ടലുണ്ടാകുന്നു. എന്നാലത് റോഷ്‌നി അറിയുന്നില്ല എന്നതാണ് കഥാഗതി. റോഷ്‌നിയോട് ഉമ്മ ഡാന്‍സുകളിക്കാന്‍ ആവശ്യപ്പെടുകയാണ്. റോഷ്‌നിയോട് പലരും പോകരുതെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും റോഷ്‌നി പോകാന്‍ തയ്യാറെടുക്കുകയാണ്.

അമന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമായിതന്നെ പോവുകയാണ്. അമന്റെ ഉമ്മയുടെ സ്ഥിതി സമയം പോകുന്നതിനനുസരിച്ച് മരണത്തോടടുക്കുകയാണ്. മന്ത്രിയുടെ വീട്ടില്‍ റോഷ്‌നി ഡാന്‍സ് അവതരിപ്പിക്കുന്നിടത്തുനിന്നും അമന്‍ റോഷ്‌നിയെ കൂട്ടിക്കൊണ്ടുപോവുകയാണ്. അമന്റെ വീട്ടിലെത്തിയ റോഷ്‌നി വെള്ളം ഉമ്മയുടെ മുഖത്തു തെളിച്ചെങ്കിലും ഉമ്മയുടെ കാഴ്‍ച നഷ്ടമാവുകയാണ്. അമനും റോഷ്‌നിയും തമ്മില്‍ വീട്ടുകാരുടെ കാര്യങ്ങള്‍ പറഞ്ഞ് തെറ്റുകയുമാണ് കഥയില്‍ നടക്കുന്നത്. അമന്റെ ഉമ്മയാണെങ്കില്‍ മരണത്തോട് മല്ലടിച്ച് കിടക്കുകയുമാണ്.

അയാനയെ നിക്കാഹ് കഴിക്കുക എന്നത് മാത്രമേ ഇനി ഉമ്മയെ രക്ഷിക്കാന്‍ കഴിയൂ എന്നാണ് ഉപദേശക പറയുന്നത്. എന്നാല്‍ അമന്‍ വിവാഹത്തിന് സമ്മതിക്കുന്നില്ല. അവളെപോലെടുള്ള ഒരു പെണ്ണിനെ വിവാഹം കഴിക്കാന്‍ കഴിയില്ല എന്നുതന്നെ പറയുകയാണ്. പക്ഷെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം അവനെ അതിന് സമ്മതിപ്പിക്കുകയുമാണ് ചെയ്യുന്നത്. റോഷ്‌നിയുടെ വീട്ടിലെത്തുന്ന അമന്‍ സമീറുമായി (റോഷ്‌നിയെ വിവാഹം ചെയ്യാന്‍ പോകുന്ന ആള്‍) സംസാരിക്കുകയാണ്. ഈ വിവാഹം നടന്നില്ലെങ്കില്‍ തന്റെ ഉമ്മ മരിച്ചുപോകും എന്ന് പറയുന്നുവെങ്കിലും സമീര്‍ ഒന്നും സമ്മതിക്കുന്നില്ല.

റോഷ്‌നിയുടെ നിക്കാഹ് നടക്കുന്ന ദിവസം സമീറിന് മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടെന്ന് അമന്‍ അറിയുന്നു. അത് റോഷ്‌നിയുടെ ഉമ്മയോട് പറയുന്നുവെങ്കിലും, റോഷ്‌നിക്കും അതറിയാമെന്നാണ് ഉമ്മ കള്ളം പറയുന്നത്. അത്‌കേട്ട് ഞെട്ടിത്തരിച്ച അമന്‍ റോഷ്‌നിയെ വീണ്ടും തരംതാഴ്ന്നവളെന്ന് മുദ്ര കുത്തുന്നു. ഇതൊന്നുമറിയാതെ റോഷ്‌നി അവളുടെ നിക്കാഹിനായൊരുങ്ങുകയാണ്. മനോഹരിയായി ഒരുങ്ങിയ അവളെ രണ്ടാംകെട്ടുകാരനാണ് വിവാഹം ചെയ്യുന്നതെന്നത് കാഴ്‍ചക്കാരെയും അലോസരപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്.

സമീര്‍ റോഷ്‌നി നിക്കാഹ് നടക്കുമോ. സത്യങ്ങളറിഞ്ഞാല്‍ റോഷ്‌നി ഉമ്മയോട് എങ്ങനെയാകും പെരുമാറുക. അമന്റെ ഉമ്മയെ രക്ഷപ്പെടുത്താനാകുമോ. ജിന്ന് പ്രതികാരം കടുപ്പിക്കാന്‍ തുടങ്ങുമ്പോള്‍ പ്രേക്ഷകനും അമനും റോഷ്‌നിക്കുമൊപ്പം സഞ്ചരിക്കുകയാണ്. എന്താകും കഥാഗതി എന്നറിയാന്‍ എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുക തന്നെ വേണം.