മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി വിടവാങ്ങിയിരിക്കുന്നു. നാലു ദിവസമായി വാർദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില രാത്രിയോടെ വഷളാകുകയായിരുന്നു. അവസാന സമയത്ത് മകൻ നാരായൺ നമ്പൂതിരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നു. അക്കിത്തത്തിന്റെ വിയോഗത്തില്‍ മോഹൻലാലും മമ്മൂട്ടിയും അനുശോചനം അറിയിച്ചു.

 ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ എന്ന് എഴുതി മോഹൻലാല്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു. അക്കിത്തത്തിന്റെ തന്നെ വരികള്‍ കുറിച്ചായിരുന്നു മമ്മൂട്ടി
ആദരവ് പ്രകടിപ്പിച്ചത്. "ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം" മഹാകവിക്ക് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി കുറിച്ചത്.

ആശുപത്രിയിൽ നിന്ന് സാഹിത്യ അക്കാദമിയിൽ എത്തിച്ച മൃതദേഹം ഒരു മണിക്കൂറിലേറെ പൊതുദർശനത്തിനു വെച്ചിരുന്നു.

ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. മഹാകവി അക്കിത്തത്തിന്റെ ദേഹവിയോഗം, ഭാരതീയ സാഹിത്യത്തിന്, വിശേഷിച്ച് മലയാള കവിതയ്ക്ക് തീരാ നഷ്ടമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുസ്മരിച്ചു. മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന അത്യുജ്ജല രചനകള്‍ അയിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.