തെന്നിന്ത്യന്‍ 'ലേഡ് സൂപ്പര്‍സ്റ്റാര്‍' നയന്‍താരയുടെ ജന്മദിനമാണ് ഇന്ന്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം 'മൂക്കുത്തി അമ്മന്‍' മികച്ച പ്രതികരണവുമായി ആമസോണ്‍ പ്രൈമില്‍ കാണികളെ നേടുമ്പോള്‍ ഒരു മലയാളചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് നയന്‍താര. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ ചിത്രം 'നിഴല്‍' ആണ് അത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍, നയന്‍താരയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാലും മമ്മൂട്ടിയുമാണ് തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഒപ്പം സഹപ്രവര്‍ത്തകയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട് ഇരുവരും.

കഥാപാത്രത്തിന്‍റെ അപ്പിയറന്‍സില്‍ നയന്‍താര പ്രത്യക്ഷപ്പെടുന്ന പോസ്റ്ററില്‍ പക്ഷേ അവരുടെ കഥാപാത്രത്തിന്‍റെ പേര് പറഞ്ഞിട്ടില്ല. നേരത്തെ കുഞ്ചാക്കോ ബോബന്‍റെ പിറന്നാള്‍ ദിനമായിരുന്ന ഈ മാസം രണ്ടിന് അദ്ദേഹത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 'ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. എറണാകുളം പ്രധാന ലൊക്കേഷന്‍ ആയ ചിത്രത്തിന് കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ചിത്രീകരണവുമുണ്ട്. 

സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴല്‍'. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെയ്‍ലോഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എസ് സഞ്ജീവ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ദീപക് ഡി മേനോന്‍ ആണ്. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍. മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തിലെത്തിയ 'അഞ്ചാം പാതിരാ'യ്ക്കു ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ ആണിത്. നയന്‍താരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.