'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ ഇടപെട്ടാല്‍ അര മണിക്കൂര്‍ കൊണ്ട് ഷെയ്ന്‍ നിഗത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് സംവിധായകന്‍ വിനയന്‍. ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ അച്ചടക്കമില്ലായ്മ തെറ്റാണെങ്കിലും ഒരു വ്യക്തിയുടെ ജീവിതമാര്‍ഗ്ഗം തടഞ്ഞുകൊണ്ട് അയാളെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും വിനയന്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന്റെ അഭിപ്രായപ്രകടനം.

'അമ്മയുടെ പ്രസിഡന്റായ ശ്രീ മോഹന്‍ലാല്‍ ഇടപെട്ടാല്‍ അരമണിക്കൂര്‍ കൊണ്ട് ഷെയ്‌നിനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. സമീപ കാലത്തുണ്ടായ വിഷയങ്ങളിലൊക്കെ ലാല്‍ കാണിച്ച നേതൃത്വപാടവം ഈ പ്രശ്‌നം തീരാനും സഹായകമാകട്ടെ. പ്രിയപ്പെട്ട ഷെയ്ന്‍, ന്യൂജെന്‍ ചിന്തകളെല്ലാം നല്ലതു തന്നെ. പക്ഷേ അതിനോടൊപ്പം മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ ആയ പ്രേം നസീറിന്റെ ജീവചരിത്രവും അതുപോലെ ശ്രീ മമ്മൂട്ടിയും ശ്രീ മോഹന്‍ലാലും ഈ നിലയില്‍ എത്താനെടുത്ത ത്യാഗവും പ്രൊഫഷനോടുള്ള ഡെഡിക്കേഷനുമൊക്കെ ഷെയ്ന്‍ ഒന്നു പഠിക്കുന്നത് നല്ലതാണ്. ഏതായാലും ഷെയ്ന്‍ തിരുത്താന്‍ തയ്യാറാവുകയും അയാളുടെ പ്രായവും പക്വതക്കുറവും പരിഗണിച്ച് വീണ്ടും അഭിനയിക്കാനുള്ള അവസരം സംഘടനകള്‍ കൊടുക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു', വിനയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.