ലോക്ക് ഡൗണ്‍ ആയിരുന്നപ്പോള്‍ ചിത്രം വരയിലൂടെയായിരുന്നു കോട്ടയം നസീര്‍ സമയം ചിലവഴിച്ചത്. ഒട്ടേറെ അഭിനന്ദനങ്ങള്‍ നേടിയ ചിത്രങ്ങള്‍ അദ്ദേഹം ലോക്ക് ഡൗണില്‍ വരച്ചിരുന്നു. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. താരങ്ങളടക്കം ചിത്രങ്ങളെ അഭിനന്ദിച്ച് രംഗത്ത് എത്തി. വ്യക്തികളെയും അല്ലാത്തയുമൊക്കെ ചിത്രങ്ങള്‍ കോട്ടയം നസീര്‍ വരച്ചിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലുമായി എത്തിയ കോട്ടയം നസീറിന് അഭിനന്ദിച്ച് മോഹൻലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

 

ഏതു പ്രതിസന്ധി ഘട്ടത്തിലും തളരാതെ നമുക്ക് മുന്നോട്ടു പോയേ മതിയാകൂ എന്നു ലോകത്തിനു കാണിച്ചു കൊടുക്കാൻ കഴിയുന്ന നല്ല മാതൃകകളിലൊന്നാണിത് എന്നാണ് മോഹൻലാല്‍ പറയുന്നത്. ശ്രീ കോട്ടയം നസീർ, ഒരു മിമിക്രി കലാകാരനായും സിനിമയിലഭിനയിക്കുന്ന എന്റെ സഹപ്രവർത്തകനായും അറിയാവുന്നയാളാണ്. എന്നാൽ അദ്ദേഹം ഒരു ചിത്രകലാകാരൻ കൂടിയാണെന്നറിഞ്ഞതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കുറെയധികം ചിത്രങ്ങൾ ഞാൻ കണ്ടിരുന്നു. ആ പെയിന്റിംഗുകളിൽ ചിലത് എനിക്കും സമ്മാനമായി നൽകിയിട്ടുണ്ട്.  ലോക് ഡൗൺ കാലത്ത് അദ്ദേഹം ഒട്ടേറെ ചിത്രങ്ങൾ വരച്ചു എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ പുതിയ സംരംഭമായ കോട്ടയം നസീർ ആർട്ട് സ്റ്റുഡിയോ എന്ന യുട്യൂബ് ചാനലിന് തന്റെ എല്ലാവിധ ആശംസകളുമെന്നും മോഹൻലാല്‍ പറയുന്നത്.