കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ശശി തരൂര്‍ എംപിക്ക് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും. 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നെസ് എന്ന പുസ്തകത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഡോ. ശശി തരൂരിന് ഹൃദയംഗമമായ ആശംസകള്‍. ശരിക്കും അര്‍ഹിച്ചിരുന്നത് തന്നെ', മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ശശി തരൂരിന് ആശംസകള്‍ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

ഇംഗ്ലീഷ് കഥേതര വിഭാഗത്തിലാണ് ശശി തരൂരിന്റെ 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നെസ്' പുരസ്‌കാരം നേടിയത്. ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതകള്‍ തുറന്നുകാട്ടുന്ന പുസ്തകമാണ് ഇത്. രാജ്യത്തെ വീണ്ടും ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകരുതെന്നാണ് തന്റെ അപേക്ഷയെന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപന വാര്‍ത്തയ്ക്ക് ശേഷം ശശി തരൂരിന്റെ പ്രതികരണം.

അതേസമയം മലയാളം വിഭാഗത്തില്‍ വി മധുസൂദനന്‍ നായരുടെ 'അച്ഛന്‍ പിറന്ന വീട്' എന്ന കവിതയ്ക്കാണ് പുരസ്‌കാരം. എല്ലാ നന്മകളും അന്യം നിന്ന് പോകുന്ന ഒരു നഗരത്തില്‍ അച്ഛന്‍ മകളെയും കൊണ്ട് നടത്തുന്ന മാനസ സഞ്ചാരമാണ് ഈ കവിതയുടെ പ്രമേയം. 23 ഭാഷകളിലെ പുരസ്‌കാരങ്ങളാണ് കേന്ദ്ര സാഹിത്യ അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 25ന് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.