നാളെയാണ് തുടരും തിയറ്ററുകളില്‍ എത്തുക
സിനിമകളുടെ ജനപ്രീതി അളക്കാന്‍ ഇന്നുള്ള മാനദണ്ഡങ്ങളില്‍ ഒന്നാണ് അവ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളില്‍ നടത്തുന്ന വില്‍പ്പന. മണിക്കൂര്‍, പ്രതിദിന കണക്കിലൊക്കെ ഇത് ലഭ്യമാവാറുള്ളതിനാല്‍ താരതമ്യങ്ങള്‍ക്കും എളുപ്പമാണ്. ഇപ്പോഴിതാ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയുടെ ഇന്നലത്തെ (23) ബുക്കിംഗ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ഇത് പ്രകാരം ഇന്ത്യയില്‍ ഇന്നലെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റിരിക്കുന്നത് മോഹന്‍ലാല്‍ നായകനാവുന്ന തുടരും ആണ്. 25 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയം.
പുറത്തെത്തിയിട്ടുള്ള കണക്കുകള്‍ പ്രകാരം തുടരും ഇന്നലെ ബുക്ക് മൈ ഷോയിലൂടെ വിറ്റത് 63,000 ല്‍ അധികം ടിക്കറ്റുകളാണ്. രണ്ടാം സ്ഥാനത്ത് അക്ഷയ് കുമാറിന്‍റെ ബോളിവുഡ് ചിത്രം കേസരി ചാപ്റ്റര്‍ 2 ആണ്. റിലീസിന്‍റെ ആറാം ദിനത്തില്‍ കേസരി 2 വിറ്റത് 58,000 ടിക്കറ്റുകളാണ്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് നസ്‍ലെന്‍ നായകനായ മലയാളത്തിലെ വിഷു ചിത്രം ആലപ്പുഴ ജിംഖാനയാണ്. റിലീസിന്‍റെ 14-ാം ദിനത്തില്‍ ചിത്രം വിറ്റത് 19,000 ടിക്കറ്റുകളാണ്. അജിത്ത് കുമാര്‍ ചിത്രം ഗുഡ് ബാഗ് അഗ്ലിയാണ് നാലാമത്. റിലീസിന്‍റെ 14-ാം ദിനത്തിലുള്ള ചിത്രം 16,000 ടിക്കറ്റുകളാണ് വിറ്റത്. സണ്ണി ജിയോള്‍ ചിത്രം ജാഠ് ആണ് അഞ്ചാം സ്ഥാനത്ത്. അതും റിലീസിന്‍റെ 14-ാം ദിനത്തിലാണ്. 16,000 ടിക്കറ്റുകളാണ് ഈ ചിത്രവും വിറ്റത്.
ആറാം സ്ഥാനത്ത് തമിഴില്‍ നിന്നുള്ള ഒരു റീ റിലീസ് ആണ്. വിജയ് നായകനായ സച്ചിന്‍ (2005) ബുക്ക് മൈ ഷോയിലൂടെ ഇന്നലെ വിറ്റത് 7000 ടിക്കറ്റുകളാണ്. ഏഴാം സ്ഥാനത്ത് മറ്റൊരു മലയാള ചിത്രമാണ്. നവാഗതനായ ശിവപ്രസാദിന്‍റെ സംവിധാനത്തില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് വിഷു റിലീസ് ആയി എത്തിയ മരണമാസ്സ് ആണ് അത്. 6000 ടിക്കറ്റുകളാണ് റിലീസിന്‍റെ 14-ാം ദിനത്തില്‍ ചിത്രം വിറ്റത്.
അതേസമയം കരിയറിലെ ഏറ്റവും വലിയ ഗ്രോസര്‍ ആയ എമ്പുരാന് ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് തുടരും. എമ്പുരാന് നല്‍കിയതുപോലെയുള്ള വലിയ പ്രചരണങ്ങള്‍ ഇല്ലാതെയാണ് ഫാമിലി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം നിര്‍മ്മാതാക്കള്‍ തിയറ്ററുകളില്‍ എത്തിക്കുന്നത്.
ALSO READ : 'ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക'? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ 'അപ്പു'
