മകന്‍ പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് വാചാലനായി നടന്‍ മോഹന്‍ലാല്‍. മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ കോളത്തിലാണ് പ്രണവിന്‍റെ വായനാശീലത്തെയും യാത്രകളെയും ലാളിത്യത്തെയും കുറിച്ച് മോഹന്‍ലാല്‍ എഴുതിയത്. വളര്‍ന്നത് മുതല്‍ അപ്പുവിന് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങള്‍ വായനയും യാത്രയുമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. അവന്‍റെ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വ്യത്യസ്തതക്ക് മുന്നില്‍ ആദരവോടെയും അല്‍പയം അസൂയയോടെയുമാണ് നില്‍ക്കാറുള്ളത്.

അതില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയും യുജി കൃഷ്ണമൂര്‍ത്തിയുമുണ്ട്. ബ്രൂസ് ചാറ്റ്‍വിനും പീറ്റര്‍ മാത്തിസനുമുണ്ട്. രമണമഹര്‍ഷിയും സവര്‍ക്കറുമുണ്ട്. അഘോരികളുടെ ജീവിതമുണ്ട്-മോഹന്‍ലാല്‍ കുറിച്ചു. മകന്‍റെ യാത്രകളെക്കുറിച്ചും മോഹന്‍ലാല്‍ വാചാലനായി. അവന്‍റെ യാത്രകള്‍ വിദൂരവും ദുര്‍ഘടവുമാണ്. ചിലപ്പോള്‍ ഋഷികേശില്‍, ജോഷിമഠില്‍, ഹരിദ്വാറില്‍, പൂക്കളുടെ താഴ്‍വരയില്‍, മറ്റുചിലപ്പോള്‍ ആംസ്റ്റര്‍ഡാമില്‍, പാരിസില്‍, നേപ്പാളിലെ പൊഖാറയില്‍, വേറെ ചിലപ്പോള്‍ വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംപിയില്‍. ഇവിടെയൊക്കെ എന്താണ് അന്വേഷിക്കുന്നതെന്ന് താന്‍ ചോദിച്ചിട്ടില്ല.

പ്രണവ് മോഹന്‍ലാല്‍

അവന്‍ പറഞ്ഞിട്ടുമില്ല. അവന്‍റെ അന്വേഷണം പറഞ്ഞുമനസ്സിലാക്കാന്‍ സാധിക്കുമായിരിക്കില്ല. അവനിപ്പോഴും യാത്രയും വായനയും തുടരുകയാണെന്നും മോഹന്‍ലാല്‍ കുറിച്ചു. പണം കുറച്ച് ചെലവാക്കിയാണ് പ്രണവ് ജീവിക്കുകയെന്നും ബസിലും ട്രെയിനിലും യാത്ര ചെയ്യുന്നതെന്നും ഏറ്റവും കുറഞ്ഞ വാടകയുള്ള മുറികളിലാണ് താമസിക്കുകയെന്നും മോഹന്‍ലാല്‍ കുറിച്ചു. അധികം ലഗേജുകള്‍ ഇല്ല എന്നതാണ് പുതിയ തലമുറയുടെ ഗുണമെന്നും അവരുടെ ജീവിതം സങ്കീര്‍ണമല്ലെന്നും മോഹന്‍ലാല്‍ എഴുതി. അതേസമയം വലിയ വിജയങ്ങള്‍ക്കുവേണ്ടി യാതനപ്പെട്ട് ചേസ് ചെയ്ത് പോകുന്നതിലെ പൊരുള്‍ അവര്‍ക്ക് പിടികിട്ടുന്നുണ്ടോ എന്നത് സംശയമാണെന്നും മോഹന്‍ലാല്‍ കുറിച്ചു.