ഒഡിഷക്ക് സാധിക്കുമെങ്കില്‍ നമ്മുക്കും സാധിക്കില്ലേയെന്ന് താരം ചോദിക്കുന്നു. രണ്ട് വര്‍ഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മുക്ക് എല്ലാത്തരത്തിലും മാറേണ്ടതുണ്ട്.ഒരു വര്‍ഷം മുമ്പ് പ്രളയം കേരളത്തെ തകര്‍ത്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട സംഭവമായി നാം കരുതി. വെയില്‍ പരന്നതോടെ അതെല്ലാം മറന്ന കേരളത്തിലെ ജനങ്ങള്‍ വീണ്ടും മലയിടിച്ചിലും പാറപൊട്ടിക്കലും തുടര്‍ന്നു

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കരകയറാന്‍ ശ്രമിക്കുന്ന സംസ്ഥാനത്തിന് ചില ഓര്‍മ്മപ്പെടുത്തലുകളുമായി നടന്‍ മോഹന്‍ ലാലിന്‍റെ കുറിപ്പ്. സംസ്ഥാന സര്‍ക്കാരിന് പരോക്ഷ വിമര്‍ശനവുമായാണ് കുറിപ്പ്. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് തിരിച്ചറിയേണ്ടതുണ്ട്.

മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിന് മുന്‍പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിംഗും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ സാധിക്കില്ലേയെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു. 

ഒഡിഷക്ക് സാധിക്കുമെങ്കില്‍ നമ്മുക്കും സാധിക്കില്ലേയെന്ന് താരം ചോദിക്കുന്നു. രണ്ട് വര്‍ഷത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മുക്ക് എല്ലാത്തരത്തിലും മാറേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.ഒരു വര്‍ഷം മുമ്പ് പ്രളയം കേരളത്തെ തകര്‍ത്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട സംഭവമായി നാം കരുതി. വെയില്‍ പരന്നതോടെ അതെല്ലാം മറന്ന കേരളത്തിലെ ജനങ്ങള്‍ വീണ്ടും മലയിടിച്ചിലും പാറപൊട്ടിക്കലും തുടര്‍ന്നു. കൊടും മഴയില്‍ പാവപ്പെട്ട ജനങ്ങളുടെ വിലപ്പെട്ട ജീവനും ഒലിച്ചുപോയി. 

ഒരു പ്രളയം കൊണ്ട് പഠിക്കുവാനോ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താനോ നമുക്കായില്ല. ലോകം നമ്മുടെ കേരളത്തിലേക്ക് വരുന്നത് നമ്മുടെ കാലാവസ്ഥയുടെ മേന്മ കൊണ്ടു കൂടിയായിരുന്നു. നമ്മുടെ മഴക്കാലവും വെയിലും തണുപ്പും നമുക്ക് അഭിമാനമായിരുന്നു. എന്നാല്‍ ഇന്നതെല്ലാം മാറി. പ്രകൃതിദുരന്തങ്ങളെ ആര്‍ക്കും പൂര്‍ണമായി ചെറുക്കാന്‍ കഴിയില്ല. എന്നാല്‍ അവയെ മുന്‍ കൂട്ടിയറിയാന്‍ സാധിക്കും. മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു.