2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്.

പുതുവർഷത്തിൽ മലയാളി സിനിമാ പ്രേമികൾക്ക് സർപ്രൈസ് നൽകിയ പ്രഖ്യാപനമായിരുന്നു ദൃശ്യം 2വിന്റെ ഒടിടി റിലീസ്. തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് കാത്തിരുന്ന ചിത്രമാണ് ആമസോൺ പ്രൈം വഴി എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. ചിത്രം ഒടിടി റിലീസ് ആയി എത്തുന്നതിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് വന്നത്. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായ ജോർജുകുട്ടിയുടെ കഥ മലയാളികൾ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആ കഥ രണ്ട് മിനിറ്റിൽ പരിചയപ്പെടുത്തുകയാണ് നടൻ മോഹൻലാൽ.

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് ഈ തിരിഞ്ഞുനോട്ട വീഡിയോയുമായി താരം എത്തിയിരിക്കുന്നത്. കയ്യിൽ വിലങ്ങണിഞ്ഞാണ് മോഹൻലാൽ റികാപ് വീഡിയോയിൽ പകുതി ഭാ​ഗത്തും എത്തുന്നത്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങൾ ഏതറ്റംവരെ പോകും? എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. 

ചിത്രം ഫെബ്രുവരി 19നാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. 2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. 

ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.