ലോകമാകമാനം 4100 സ്ക്രീനുകളിലാണ് ചിത്രം ഇന്നലെ എത്തിയത്

താന്‍ നായകനായ പുതിയ ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിനു (Marakkar) ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങള്‍ ഏറെ ആഹ്ളാദിപ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍ (Mohanlal). ഒപ്പം ചിത്രത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരോട് തനിക്കുള്ള നന്ദിയും അറിയിക്കുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിന്‍റെ പ്രതികരണം.

"മരക്കാറിന് ലഭിക്കുന്ന ലോകമെമ്പാടുമുള്ള സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പോസിറ്റീവ് അഭിപ്രായങ്ങളില്‍ ഏറെ ആഹ്ളാദം. മരക്കാറിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും എന്‍റെ നന്ദി ഞാന്‍ അറിയിക്കുന്നു. നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം യാഥാര്‍ഥ്യമാകുമായിരുന്നില്ല", മരക്കാര്‍ സ്റ്റില്ലിനൊപ്പം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രേക്ഷകരുടെ രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരുപ്പിനൊടുവിലാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ വ്യാഴാഴ്ച റിലീസ് ആയത്. കേരളത്തിലെ 626 തിയറ്ററുകളിലും റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ ആഗോള തിയറ്റര്‍ കൗണ്ട് 4100 ആയിരുന്നു. ആദ്യദിനം 16,000 പ്രദര്‍ശനങ്ങള്‍ ചിത്രം നടത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. ആഴ്ചകള്‍ക്കു മുന്‍പുതന്നെ പല പ്രധാന സെന്‍ററുകളിലും ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിരുന്നു. റിലീസിനു മുന്‍പ് അഡ്വാന്‍സ് ബുക്കിംഗ് വഴി തന്നെ ചിത്രം 100 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നത്. മലയാളത്തില്‍ ഇതുവരെയുള്ളവയില്‍ ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാറിന്‍റെ ബജറ്റ് 100 കോടിയാണ്. ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടിയ ചിത്രവുമാണിത്.