ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലെ താരങ്ങളുടെ  വിവരങ്ങള്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.


ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത  ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

'ബറോസ്‍-ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍' എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്. ലോകത്തില്‍ താന്‍ സഞ്ചരിച്ച വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടു വന്ന രത്‌നങ്ങളും നിധികളും വാസ്‌കോഡഗാമ സൂക്ഷിച്ചിരുന്നു. ആ നിധികള്‍ക്കൊരു കാവല്‍ക്കാരനുണ്ടായിരുന്നു. അതാണ് ബറോസ്. അയാളുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാൽ തന്നെയാണ് ബറോസിന്റെ വേഷത്തിലുമെത്തുന്നത്. കെ യു മോഹനനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോവയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.