മോഹൻലാലിൻ്റെ മകൾ മായ അഭിനയരംഗത്തേക്ക്. '2018'ന് ശേഷം ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയിൽ അദ്ദേഹത്തിൻ്റെ മകൻ ആശിഷ് ജോയ് ആൻ്റണിയും പ്രധാന വേഷത്തില്‍.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ മായാ മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രം തുടക്കത്തിന് ആരംഭമായിരിക്കുകയാണ്. തുടക്കത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് കൊച്ചിയിൽ വച്ച് നടന്നു. കുടുംബസമേതം മോഹൻലാലും ആന്റണി പെരുമ്പാവൂരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ മകൾക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. മാതാപിതാക്കളെന്ന നിലയിൽ ഹൃദയത്തോട് ചേർന്നു നിർക്കുന്ന നിമിഷമാണിതെന്നും തുടക്കത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും മനോഹരമായ ഒന്നിൻ്റെ തുടക്കമാകട്ടെ എന്നും മോഹൻലാൽ പറഞ്ഞു.
"ഓരോ യാത്രയ്ക്കും അതിൻ്റേതായ തുടക്കമുണ്ട്...ഈ തുടക്കം ഞങ്ങളുടെ ഹൃദയങ്ങളിൽ അഭിമാനവും സ്നേഹവും നിറയ്ക്കുകയാണ്. മാതാപിതാക്കളെന്ന നിലയിൽ മായയുടെ ഈ പുതിയ അധ്യായം ഹൃദയത്തോട് ചേർന്നു നിൽക്കുന്ന നിമിഷമാണ്. ജൂഡ് ആൻ്റണി ജോസഫിനും ഞങ്ങളുടെ പ്രിയ സുഹൃത്തും ഈ സിനിമയുടെ പിന്നിലെ വഴികാട്ടിയുമായ ആൻ്റണി പെരുമ്പാവൂരിനും ഹൃദയം നിറഞ്ഞ ആശംസകൾ. ആഷിഷ് ജോ ആൻ്റണിക്ക് പ്രത്യേകം അനുഗ്രഹം നൽകുകയാണ്. തുടക്കത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും മനോഹരമായ ഒന്നിൻ്റെ തുടക്കം ആകട്ടെ", എന്നാണ് പൂജാ ചടങ്ങിന്റെ ഫോട്ടോകൾ പങ്കിട്ട് മോഹൻലാൽ കുറിച്ചത്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍റണിയുടെ മകന്‍ ആശിഷ് ജോയ് ആന്‍റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും ജൂഡ് ആന്തണി ജോസഫ് ആണ്. വന്‍ വിജയം നേടിയ 2018 ന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുടക്കം.
അതേസമയം, പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന 'ഡീയസ് ഈറെ' എന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ഹൊറർ ത്രില്ലർ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് തിരക്കഥയും. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.



