സ്വയം ട്രോളിയ മോഹൻലാല്‍, ആ സിനിമയും വമ്പൻ ഹിറ്റ്
വിമര്‍ശങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു മോഹൻലാലിന്റെ ട്രോള്‍.

തമിഴകത്തെ എക്കാലത്തെയും ഹിറ്റായ ബാഷയുടെ സംവിധായകൻ സുരേഷ് കൃഷ്‍ണ മലയാളത്തിലേക്ക് എത്തിയതിന്റെ ഹൈപ്പില്‍ ചര്‍ച്ചയായതായിരുന്നു ദ പ്രിൻസ്. മോഹൻലാല്‍ നായകനായി എത്തിയ ചിത്രമായ ദ പ്രിൻസിന് വലിയ വിജയം നേടാനായില്ല. മോഹൻലാലിന്റെ ശബ്‍ദം മാറിയെന്ന വിമര്‍ശനവും ചിത്രം നേരിട്ടു. അതിന് നായകൻ മോഹൻലാല്‍ തന്റെ സിനിമയിലൂടെ പിന്നീട് മറുപടി നല്‍കിയതിന്റെ കൗതുകവും പ്രേക്ഷകര്‍ കണ്ടു.
ദ പ്രിൻസ് 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. മോഹൻലാലിന്റെ തൊണ്ടയ്‍ക്ക് ഓപ്പറേഷൻ നടന്നെന്നായിരുന്നു സിനിമ പുറത്തിറങ്ങിയ കാലത്തെ പ്രചരണം. അതിനാലാണ് ശബ്‍ദം മാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ശബ്‍ദം മാറിയിട്ടില്ലെന്ന് മോഹൻലാല്‍ അഭിമുഖങ്ങളിലൂടെ പറഞ്ഞിട്ടും പലരും വിശ്വസിച്ചില്ല. ദ പ്രിൻസ് പരാജയവുമായി.
പ്രിയദര്‍ശൻ മോഹൻലാലിന്റെ നായകനാക്കിയ ചന്ദ്രലേഖ സിനിമ പ്രദര്‍ശനത്തിന് എത്തിയത് 1997ലായിരുന്നു. പ്രിൻസിലെ വിമര്‍ശനങ്ങള്‍ക്ക് മോഹൻലാല്‍ പുതിയ സിനിമയിലൂടെ മറുപടി നല്‍കി. കഥയോട് ചേര്‍ന്നു നില്‍ക്കും വിധമായിരുന്നു താരത്തിന്റെ മറുപടി. ആല്‍ഫിയായി ആള്‍മാറാട്ടം നടത്തുന്ന അപ്പുക്കുട്ടനായിട്ടായിരുന്നു ചിത്രത്തില്‍ മോഹൻലാലുണ്ടായിരുന്നത്. ആല്‍ഫിയുമായി ഫോണില്‍ സംസാരിച്ച ചിലരുണ്ട്. അവരില്‍ ഒരാളാണ് ചന്ദ്രലേഖയിലെ നായിക. നമ്മള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ വേറെയായിരുന്നല്ലോ താൻ കേട്ട ശബ്‍ദം എന്നും ഇപ്പോള്‍ ശബ്‍ദത്തിന് എന്ത് പറ്റിയെന്നും നായികയായ പൂജ ബത്ര ചോദിക്കുന്നു. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായിരുന്നു മോഹൻലാലിന്റെ സംഭാഷണം. എന്റെ ശബ്‍ദം അല്‍പം മാറിയിട്ടുണ്ടെന്ന് പറയുന്നുണ്ട് പലരും, സൈനസ് ഓപ്പറേഷനുണ്ടായിരുന്നു എന്നായിരുന്നു രസകരമായ മാനറിങ്ങളോടെ മോഹൻലാലിന്റെ ട്രോള്‍.
ദ പ്രിൻസില്‍ ശബ്‍ദം മാറിയതായി എന്തുകൊണ്ടാണ് തോന്നിയത് എന്നും മോഹൻലാല്‍ പിന്നീട് വിശദീകരിച്ചിരുന്നു. സൗണ്ട് മിക്സിംഗ് നടന്നത് തമിഴ്‍നാട്ടിലായിരുന്നുവെന്ന് പറഞ്ഞ മോഹൻലാല്‍ അവര്‍ക്ക് സംഭവിച്ച ചില ധാരണ പിശകുകളിലാണ് ശബ്‍ദം മാറിയതായി തോന്നിയതെന്ന് വെളിപ്പെടുത്തിയിരുന്നു. അവര്‍ക്ക് നമ്മുടെ ശബ്‍ദം അറിയില്ല. മിക്സിംഗില്‍ വോയിസ് ബാലൻസ് ചെയ്‍തപ്പോഴുള്ള അബദ്ധമാണ് ശബ്‍ദം മാറിയതായി തോന്നിയത് എന്നുമാണ് മോഹൻലാല്‍ വെളിപ്പെടുത്തിയത്.
Read More: 'അത് ഹൃദയമിടിപ്പിന്‍റെ മുദ്രയാണ്, ഇംപ്രവൈസേഷനാണ്', വീഡിയോയില്‍ ഡാൻസിനെ ട്രോളി മമ്മൂട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക