ജല്ലിക്കട്ട് സിനിമ പോലെ ആവേശം നിറയ്ക്കുന്നതാണ് ക്യാമറയ്ക്ക് പിന്നിലുള്ള കാഴ്ചകളും

ഭാഷാ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്'. 2019ലെ ടൊറന്‍റോ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം 93-ാമത് ഓസ്‍കര്‍ അവാര്‍ഡില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയുമായിരുന്നു. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളുള്‍പ്പെടെ നിരവധി അവാര്‍ഡുകളും ഒപ്പം സിനിമാപ്രേമികളുടെ അംഗീകാരവും നേടിയിരുന്നു ഈ ചിത്രം. ഇപ്പോഴിതാ 'ജല്ലിക്കട്ട്' മേക്കിംഗിനെ ആസ്‍പദമാക്കി ഒരു ഡോക്യുമെന്‍ററി സിരീസ് പ്രക്ഷകരിലേക്ക് എത്തുകയാണ്. 'മോള്‍ട്ടന്‍ മിറര്‍' എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററി സിരീസിന്‍റെ ഛായാഗ്രഹണവും സംവിധാനവും വിവിയന്‍ രാധാകൃഷ്‍ണന്‍ ആണ്. സിരീസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ എപ്പിസോഡും നിവിന്‍ പോളിയും തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ലോഞ്ച് ചെയ്‍തു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെയാണ് ആദ്യ എപ്പിസോഡ് എത്തിയത്.

Scroll to load tweet…

ജല്ലിക്കട്ട് സിനിമ പോലെ ആവേശം നിറയ്ക്കുന്നതാണ് ക്യാമറയ്ക്ക് പിന്നിലുള്ള കാഴ്ചകളും. ഡോക്യുമെന്‍ററിയുടെ എഡിറ്റിംഗ് കിരണ്‍ നാഥ് കൈലാസ് ആണ്. സൗണ്ട് ഡിസൈന്‍, മിക്സിംഗ് ജെസ്‍വിന്‍ മാത്യു. അസോസിയേറ്റ് ഡയറക്ടര്‍ ആഷിഖ് കെ എം. തുടര്‍ന്നുള്ള എപ്പിസോഡുകളുടെ ലിങ്കുകള്‍ സംവിധായകന്‍ വിവിയന്‍ രാധാകൃഷ്‍ണന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളിലൂടെ എത്തും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona