ബോളിവുഡ് താരങ്ങളെ കടത്തിവെട്ടി ജനപ്രീതിയില്‍ തെന്നിന്ത്യന്‍ താരം

തെന്നിന്ത്യന്‍ ചിത്രങ്ങളുടെ പാന്‍ ഇന്ത്യന്‍ സ്വീകാര്യതയ്ക്ക് തുടക്കം കുറിച്ചത് ബാഹുബലി ഫ്രാഞ്ചൈസിയാണ്. രാജമൌലി ഒരുക്കിയ ദൃശ്യവിസ്മയത്തിന്‍റെ ഹിന്ദി പതിപ്പ് ഒരു ബോളിവുഡ് ചിത്രം പോലെയാണ് ഉത്തരേന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നാലെ കെജിഎഫ് ഫ്രാഞ്ചൈസി, പുഷ്പ 2 ഒക്കെ അത്തരത്തില്‍ നോര്‍ത്ത് ഇന്ത്യന്‍ ബെല്‍റ്റില്‍ വന്‍ സാമ്പത്തികവിജയം നേടി. കൊവിഡ് കാലത്തിന് പിന്നാലെ ബോളിവുഡ് ചിത്രങ്ങള്‍ കാണാന്‍ ആളില്ലാത്തപ്പോഴാണ് ഇവയില്‍ പല വിജയങ്ങളുമെന്ന് ഓര്‍ക്കണം. ഇപ്പോഴിതാ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഹിന്ദി ചിത്രങ്ങളുടെ ലിസ്റ്റില്‍ ബോളിവുഡ് ചിത്രങ്ങളേക്കാള്‍ മുകളില്‍ ഒരു തെന്നിന്ത്യന്‍ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ആണ്.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് പ്രേക്ഷകരില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഹിന്ദി ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഷാരൂഖ് ഖാന്‍റെ രാജ്‍കുമാര്‍ ഹിറാനി ചിത്രം ഡങ്കി, സല്‍മാന്‍ ഖാന്‍റെ ടൈഗര്‍ 3 ഒക്കെയുള്ള ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് പക്ഷേ ഒരു തെലുങ്ക് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പാണ്. അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച സുകുമാര്‍ ചിത്രം പുഷ്പയുടെ രണ്ടാംഭാഗമാണ് പ്രസ്തുത ലിസ്റ്റില്‍ ഒന്നാമതുള്ളത്.

പുഷ്പ 2 ന് പിന്നാലെ രണ്ടാം സ്ഥാനത്ത് ഹേര ഫേരി 3യും നാലാം സ്ഥാനത്ത് ടൈഗര്‍ 3ഉും ആണ് ഉള്ളത്. നാലാമത് ഭൂല്‍ ഭുലയ്യ 3ഉും അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍റെ ഡങ്കിയും. സെപ്റ്റംബര്‍ 15 ആസ്പദമാക്കിയുള്ള ലിസ്റ്റ് ആണ് ഇത്. 2023 നവംബര്‍ മുതല്‍ റിലീസ് ചെയ്യപ്പെടുന്നതും ട്രെയ്‍ലര്‍ ഇനിയും പുറത്തെത്താത്തതുമായ ചിത്രങ്ങളെ മാത്രമാണ് പരിഗണിച്ചിരിക്കുന്നത്.

ആദ്യഭാഗത്തിലേതുപോലെ ഫഹദ് തന്നെയാണ് പുഷ്പ 2 ലെ പ്രതിനായകന്‍. ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിംഗ് ഷെഖാവതിന് ആദ്യഭാഗത്തേക്കാള്‍ സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍, അതായത് 2024 ഓഗസ്റ്റ് 15 ന് ബഹുഭാഷകളില്‍ ലോകമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടും.

ALSO READ : 'ജവാന്‍റെ' തിളക്കത്തില്‍ വീണോ 'ഗദര്‍ 2'? 38 ദിവസം കൊണ്ട് നേടിയത്: കളക്ഷന്‍ എത്രയെന്ന് നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക