ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ കഥയെ ആസ്പദമാക്കിയൊരുങ്ങുന്ന 'കുറുപ്പ്' എന്ന സിനിമയ്ക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം. ചാക്കോയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ സിനിമയിൽ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നാണ് ആവശ്യം. ചിത്രം റിലീസിന് മുമ്പ് കാണണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർക്ക് കുടുംബം വക്കീൽ നോട്ടീസ് അയച്ചു.

1980കളിൽ കേരളത്തെ നടുക്കിയ, ഇനിയും ദുരൂഹത ബാക്കി നിൽക്കുന്ന പേരാണ് സുകുമാരക്കുറുപ്പ്. ഇൻഷൂറൻസ് തുക തട്ടാൻ തന്നോട് രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ സുകുമാരകുറുപ്പ്‌ ഇന്നും കാണാമറയത്താണ്. ഈ സംഭവമാണ് ദുൽഖർ സൽമാൻ പുതിയ ചിത്രം കുറുപ്പിന്‍റെ പ്രമേയം.

സിനിമയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ആശങ്ക പങ്കുവെക്കുകയാണ് കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം. സുകുമാര കുറുപ്പിന് വീരപരിവേഷം നൽകുന്നുവെന്നാണ് ആരോപണം. സുകുമാരക്കുറുപ്പായി വേഷമിടുന്ന ദുൽഖർ സൽമാനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുമാണ് ചാക്കോയുടെ കുടുംബം വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.