ദീപു കരുണാകരന്‍ സംവിധാനം ചെയ്‍ത ചിത്രം
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ച്ലര്‍ എന്ന ചിത്രം ഒടിടിയിലേക്ക്. മെയ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒന്നര മാസം പിന്നിടുമ്പോഴാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. സ്ട്രീമിംഗ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 11 മുതല്‍ ചിത്രം കാണാനാവും.
മഞ്ജു വാര്യർ നായികയായ കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിന് ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഇന്ദ്രജിത്തും അനശ്വരയും ആദ്യമായി ഒരുമിക്കുന്ന ചിത്രം റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ, ബിജു പപ്പൻ എന്നിവരും വേഷമിട്ട ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. അർജുൻ ടി സത്യൻ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായർ ആണ്.
എഡിറ്റിംഗ് സോബിൻ കെ സോമൻ, കലാസംവിധാനം സാബു റാം, സംഗീതം പി എസ് ജയഹരി, വസ്ത്രാലങ്കാരം ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബാബു ആർ, സാജൻ ആന്റണി, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ ശരത് വിനായക്, ചീഫ് അസോസിയേറ്റ് സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ ശ്രീരാജ് രാജശേഖരൻ, മേക്കപ്പ് ബൈജു ശശികല, പിആർഒ ശബരി, മാർക്കറ്റിംഗ് ആന്‍ഡ് ബ്രാൻഡിംഗ് റാബിറ്റ് ബോക്സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ മാ മി ജോ, സ്റ്റിൽസ് അജി മസ്കറ്റ്.

