Asianet News MalayalamAsianet News Malayalam

Muddy review : മഡ് റേസിന്റെ സിനിമാ കാഴ്‍ചയുമായി 'മഡ്ഡി'- റിവ്യു

'മഡ്ഡി' എന്ന സിനിമ തിയറ്ററുകളില്‍ എത്തി.

Muddy film review
Author
Kochi, First Published Dec 10, 2021, 4:32 PM IST

ഒരു ഇന്ത്യൻ സിനിമ ഇതാദ്യമായി മഡ് റേസ് പ്രമേയമാക്കുന്നുവെന്ന വിശേഷണത്തോടെയാണ് 'മഡ്ഡി' പ്രഖ്യാപിക്കപ്പെട്ടത്.  'മഡ്ഡി'യുടെ തുടര്‍ന്നുള്ള പ്രമോഷണല്‍ മെറ്റീരിയലുകളൊക്കെ അതിന് ഊന്നല്‍ നല്‍കിയുള്ളതുമായിരുന്നു. പോസ്റ്ററുകളിലും ട്രെയിലറുകളിലുമെല്ലാം സിനിമയുടെ കേന്ദ്രപ്രമേയമായ മഡ് റേസ് വ്യക്തമായി തെളിഞ്ഞുനിന്നു. തിയറ്റില്‍ ഇന്ന് സിനിമാക്കാഴ്‍ചയായി എത്തിയപ്പോഴും മറിച്ചല്ല അനുഭവം. മഡ് റേസിന്റെ റിയലിസ്റ്റിക് കാഴ്‍ചയാണ് തിയറ്ററുകളില്‍ കാണാനാവുന്നത്. വഴിത്തിരിവുകളുള്ള കഥയും സിനിമയില്‍ മഡ് റേസ് കാട്ടാൻ സംവിധായകൻ കൂട്ടുപിടിക്കാൻ ശ്രമിക്കുന്നു. ആക്ഷൻ അഡ്വഞ്ചറസ് ത്രില്ലര്‍ ഴോണര്‍ ആവേശത്തിലാക്കുന്ന യുവാക്കള്‍ക്ക് ഒരു  ഒപ്ഷനായി മാറുന്നു 'മഡ്ഡി'.

വേഗതയുടെ ആവേശക്കാഴ്‍ച തന്നെയായിട്ടാണ് 'മഡ്ഡി' തിയറ്ററുകളില്‍ അനുഭവപ്പെടുത്താൻ ശ്രമിക്കുന്നത്. തുടക്കത്തില്‍ പറഞ്ഞതു പോലെ വഴിത്തിരിവുകളുള്ള കഥാ സന്ദര്‍ഭങ്ങളിലൂടെയാണ് വേഗതയുടെ ക്ലൈമാക്സിലേക്ക് എത്തുന്നത്. നായകനെ അടയാളപ്പെടുത്തിയാണ് ചിത്രത്തിന്റെ ഓരോ രംഗത്തിന്റെയും പുരോഗതി. തുടക്ക രംഗത്തില്‍ തന്നെ മഡ്ഡി പറയുന്നത് എന്തെന്ന് പ്രേക്ഷകനോട് വ്യക്തമാക്കുന്നുണ്ട് സംവിധായകൻ. വാശിയേറിയ ഒരു മഡ് റേസ് കാട്ടിയാണ് മഡ്ഡിയുടെ തുടക്കം. തുടക്ക രംഗത്തില്‍ നിന്ന് ക്ലൈമാക്സിലേക്ക് എത്താൻ പ്രേക്ഷകനെ വഴികാട്ടുന്നതാണ് തുടര്‍ന്നുള്ള സംഭവങ്ങള്‍. അത് ഇന്ത്യൻ സിനിമയില്‍ അപൂര്‍വമായ മഡ് റേസ് കാഴ്‍ചകളിലേക്കാണ് എത്തുന്നത്.

Muddy film review

മഡ് റേസ് ചെയ്യുന്ന കാര്‍ത്തിയെയാണ് ആദ്യം 'മഡ്ഡി'യില്‍ അവതരിപ്പിക്കുന്നത്. അത്യന്തം വാശിയോടെ നടക്കുന്ന ഒരു മഡ് റേസാണ് പശ്ചാത്തലം. റോണി എന്ന പരുക്കൻ ഭാവങ്ങളോടെ വില്ലനെന്ന് സൂചന നല്‍കി അടുത്ത കഥാപാത്രവും എത്തുന്നു. ഇവര്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടം ഒടുവില്‍ ആദ്യ രംഗത്തില്‍ കാര്‍ത്തി ജയിക്കുകയും ചെയ്യുകയാണ്. കഥാപശ്ചാത്തലത്തില്‍ തുടര്‍ന്ന് ഒരു ട്വിസ്റ്റാണ്.

മറ്റൊരു ജീവിത സാഹചര്യങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് പിന്നീട് അവതരിപ്പിക്കുന്നത്. അവിടെ മുത്തു എന്ന നായകനെ കരുത്തിന്റെ പ്രതീകമായിട്ടു തന്നെ അവതരിപ്പിക്കുന്നു. പഴയ കാല സിനിമകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത തരത്തിലുള്ള കഥാ അന്തരീക്ഷം. കൂപ്പിലെ തടി എടുക്കുന്ന  ജോലിയാണ് ഡ്രൈവറായ മുത്തുവിന്. മുത്തുവിന് നേര്‍ എതിരാളിയായി വരുന്നത് കാര്‍ത്തിയാണ്. കാര്‍ത്തിയും മുത്തുവും ആരൊക്കെ എങ്ങനെ പരസ്‍പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ 'മഡ്ഡി'യുടെ കാഴ്‍ചയിലെ ആവേശം ചോരാതെ എത്തിക്കാൻ എഴുത്തുകാരനും സംവിധായകനും ശ്രദ്ധിച്ചിട്ടുണ്ട്. ഗരുഢൻ എന്ന ഒരു ജീപ്പാണ് മുത്തുവിന്റെ തോഴൻ. 'മഡ്ഡി' എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രമെന്ന പോലെയാണ് ഗരുഢനെ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. കാട്ടിലെ കൂപ്പിലെ ജീവീതവും മറ്റും ഒഴിക്കോടെ മഡ്ഡിയില്‍ പകര്‍ത്തിയിരിക്കുന്നു. മഡ്ഡി എന്ന ചിത്രത്തിന്റെ കഥാ സൂചനകള്‍ ഇത്രമാത്രം.Muddy film review

മഡ് റേസ് സിനിമയില്‍ റിയലിസ്റ്റിക് ആയിട്ടാണ് സംവിധായകൻ പകര്‍ത്തിയിരിക്കുന്നത്. മഡ് റേസിന്റെ നേര്‍ക്കാഴ്‍ച തന്നെയാണ് തിയറ്ററുകളില്‍ കാണാനാകുക. ഒരു ഓഫ് റോഡ് റേസിന്റെ എല്ലാ പിരിമുറുക്കവും ത്രില്ലും അത്തരം രംഗങ്ങളില്‍ അനുഭവിപ്പിക്കുന്നു 'മഡ്ഡി'. ഹോളിവുഡിലോ അല്ലെങ്കില്‍ ഡോക്യുമെന്ററികളിലോ മാത്രം കണ്ട് പരിചയിച്ച മഡ് റേസ് അതിന്റെ എല്ലാ ആവേശത്തോടെയും മലയാളി പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായകൻ ഡോ. പ്രഗഭല്‍.

മഡ് റേസാണ് ചിത്രത്തിന്റെ പ്രമേയം എന്നതുകൊണ്ടു തന്നെ ഏറ്റവും അഭിനന്ദനമര്‍ഹിക്കുന്ന ഒരു വിഭാഗം ഛായാഗ്രാഹണമാണ്.  കെ ജെ രതീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകൻ ഡോ. പ്രഗ്‍ഭലും ഛായാഗ്രാഹകൻ കെ ജെ രതീഷും എടുത്ത പ്രയത്‍നങ്ങളെ ഒന്നുകൂടി അടിവരയിട്ട് കാട്ടുന്നുണ്ട് കാഴ്‍ചയുടെ അവസാനം മേയ്‍ക്കിംഗ് വീഡിയോയില്‍. ഗ്രാഫിക്സ് കാഴ്‍ചയായിരുന്നില്ല അതുവരെ കണ്ടതെന്ന് ഓര്‍മിപ്പിക്കാൻ എന്ന പോലെ.

പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്‍ണ എന്നിവരാണ് മഡ്ഡിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യ അവസരം തന്നെ ഇരുവരും തങ്ങളെ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. കഥയ്‍ക്കും ആഖ്യാനത്തിനും അനുയോജ്യമായ തരത്തില്‍ 'മഡ്ഡി'യില്‍ വേഷമിട്ടിരിക്കുന്നു ഇരുവരും. രണ്‍ജി പണിക്കര്‍ ചെയ്‍ത കഥാപാത്രം പതിവുപോലെ ഡയലോഗ് ഡെലിവറി കൊണ്ട് ശ്രദ്ധ നേടുന്നു. ഹരീഷ് പേരടി, ഗിന്നസ് മനോജ് അടക്കമുള്ള ഒട്ടേറെ താരങ്ങളും മഡ്ഡിയിലുണ്ട്. ഐ എം വിജയൻ, സുനില്‍ സുഖദ, അജിത് കോശി, മോളി കണ്ണമാലി, അമിത് ശിവദാസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. നായകരായ യുവാൻ കൃഷ്‍ണ, റിദ്ദാൻ കൃഷ്‍ണ എന്നിവരാണ് നിറഞ്ഞനില്‍ക്കുന്നതെങ്കിലും മറ്റ് അഭിനേതാക്കളും സ്വന്തം വേഷം ഭംഗിയാക്കിയിട്ടുണ്ട്.Muddy film review

മഡ്ഡിയുടെ ആവേശം ചോരാതെ തിയറ്ററുകളിലേക്ക് എത്തിച്ചത് ചിത്ര സംയോജകൻ സാൻ ലോകേഷും കൂടി ചേര്‍ന്നാണ്. മഡ്ഡി റേസ് ഒരു റിയലിസ്റ്റിക് കാഴ്‍ചയാകാൻ സാൻ ലോകേഷിന്റെ കട്ടുകള്‍ സഹായകരമാകുന്നു. മഡ്ഡി എന്ന സിനിമ വിരസമല്ലാതെ മാറുന്നതും സാൻ ലോകേഷിന്റെ കൂടെ പ്രയത്‍നത്താലാണ്. മഡ് റേസ് ഒരു സിനിമാ കാഴ്‍ചയായി മാറ്റിയിരിക്കുന്നു സാൻ ലോകേഷിന്റെ ചിത്രസംയോജന മികവ്.

'കെജിഎഫ്' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രവി ബസ്രൂറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാനങ്ങള്‍ക്ക് അല്ല ചിത്രത്തില്‍ പ്രധാന്യം. പശ്ചാത്തല സംഗീതം ചിത്രത്തിന് അവിഭാജ്യ ഘടകമാക്കി മാറ്റിയിട്ടുണ്ട് രവി ബസ്രൂര്‍. മഡ് റേസിന്റെ ആവേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന കൃത്യമായ ശബ്‍ദാവതരണത്തിലൂടെ രവി ബസ്രൂര്‍.

ചെളിയിലടക്കമുള്ള ആക്ഷൻ രംഗങ്ങളും  'മഡ്ഡി'യുടെ  ആകര്‍ഷണമാണ്. രണ്‍ രവിയാണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടര്‍. മഡ് റേസ് പോലെ ഒരു പ്രമേയത്തില്‍ പുതുമുഖങ്ങളുമായി എത്തിയ സംവിധായകൻ ഡോ. പ്രഗഭല്‍ എടുത്ത തയ്യാറെടുപ്പുകള്‍ മഡ്ഡിയില്‍ തെളിഞ്ഞുകാണാം.  മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് 'മഡ്ഡി' എത്തിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios