ന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായി ഡെന്നിസ് ജോസഫിന്‍റെ ഓർമ്മയിൽ മുരളി ഗോപി. വാക്കുകൾക്കും വാൾമുനയുണ്ടെന്ന് പഠിപ്പിച്ചുതന്ന തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫെന്ന് മുരളി ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 1987-ലെ വേനൽക്കാലത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ഉത്സവപ്പറമ്പിൽനിന്നും കേട്ട രാജാവിന്റെ മകൻ ചിത്രത്തിലെ ശ്രദ്ധേയമായ ഡയലോഗിനെ ഓർത്തെടുക്കുകയായിരുന്നു മുരളി ഗോപി.

മുരളി ​ഗോപിയുടെ പോസ്റ്റ്

1987.
പഴയ ഒരു ക്രിക്കറ്റ് കളം. വേനൽ അവധിക്കാലം. അടുത്തുള്ള ഏതോ അമ്പലത്തിൽ ഉത്സവം പ്രമാണിച്ചുള്ള ആഘോഷം. തെങ്ങായ തെങ്ങിലൊക്കെ കെട്ടിവച്ച കോളാമ്പികളിലാകെ സിനിമാ ഗാന യാഗം. 
താഴെ, തീപ്പൊരി മത്സരം. 
അവസാന വേഗം. 
ഉദ്വെഗ നിമിഷം. 
അപ്പോഴതാ, 
കോളാമ്പികളിൽ ഒന്നടങ്കം ഒരു ശബ്ദം: “ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്...” 
കളിക്കളം ഉറഞ്ഞു. 
കളി മറന്നു. 
കളിക്കാർ നിന്നയിടങ്ങളിൽ നിന്ന് കാതോർത്തു. 
തെങ്ങിൻതലപ്പുകളിൽ നിന്ന് പൊട്ടിച്ചിതറുന്ന അഭ്രതീവ്രതയുടെ ശബ്ദച്ചീളുകൾ! 
ആ കളി ആര് ജയിച്ചു എന്ന്  ഇന്നും ഞങ്ങൾ ഓർക്കുന്നില്ല. ഓർക്കുന്നത് ഒന്ന് മാത്രം: വൈഭവത്തിന് വീര്യത്തിൽ പിറന്ന വാക്കുകൾക്ക്  ജീവിതത്തെ പോലും തളച്ചിടാനുള്ള ത്രാണിയുണ്ടെന്ന്..!
ഡെന്നിസ് ജോസഫ്, സർ, 
മറക്കില്ല, ഒരിക്കലും.
ത്രസിപ്പിച്ചതിന്‌. 
കയ്യടിപ്പിച്ചതിന്. 
വാക്കുകൾക്കും വാൾമുനയുണ്ടെന്ന് പഠിപ്പിച്ചു തന്നതിന്

കഴിഞ്ഞ ദിവസമായിരുന്നു ഹിറ്റ് സിനിമകൾക്ക് ജീവൻ നൽകിയ ഡെന്നിസ് ജോസഫിന്റെ മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരുക്കിയ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. എൺപതുകളിലെ ഹിറ്റ് മേക്കർ. നിറക്കൂട്ട്, രാജാവിന്‍റെ മകൻ, കോട്ടയം കുഞ്ഞച്ചൻ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരനിരയുടെ തലവര മാറ്റിയെഴുതിയ തിരക്കഥകൾ. ആകാശദൂത്, നമ്പർ 20 മദ്രാസ് മെയിൽ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫാണ്. 45 സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona