പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഷാനിന്റെ പ്രതികരണം. രാജ്യത്തു നിന്നും ആളുകളെ പുറത്താക്കുമ്പോൾ അവർ ഇതുവരെ അടച്ച നികുതികൾ തിരികെ നൽകുമോയെന്ന് ഷാന്‍ റഹ്മാന്‍ ചോദിക്കുന്നു.

 “ഹേയ് ബില്ലുകാരാ...നിങ്ങൾ ഈ ആളുകളെ രാജ്യത്തു നിന്ന് പുറത്താക്കുമ്പോൾ, അവർ ഇന്നുവരെ അടച്ച നികുതി തിരിച്ചു നൽകുമോ? ഐടി, ജിഎസ്‌ടി എന്നിവയടക്കം? അതുപയോഗിച്ച് നിങ്ങൾ ഇതുവരെ  ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ട് എല്ലാം നിങ്ങളുടെ അക്കൗണ്ടിൽ സുരക്ഷിതമായി കാണും. 'നിങ്ങൾ പോകണം, പക്ഷേ നിങ്ങളുടെ പണം ഞങ്ങളുടേതാണ്,’ പോലുള്ള വിലകുറഞ്ഞ നയമായിരിക്കുമോ? ഈ രാജ്യത്ത് ജീവിക്കാനുള്ള വാടക പോലെ ആണോ നിങ്ങൾ നികുതിയെ കണ്ടത്? “ ഷാൻ ചോദിക്കുന്നു.

“രാജ്യത്തെ മറ്റ് പ്രശ്നങ്ങളിൽ ശ്രദ്ധ തിരിക്കാനുള്ള നിങ്ങളുടെ നാടകം നല്ല രീതിയിൽ പോകുന്നുണ്ട്. ആരും ഇപ്പോൾ പണപ്പെരുപ്പത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ജിഡിപിയുടെ ചരിത്രപരമായ തകർച്ചയെക്കുറിച്ച് സംസാരിക്കുന്നില്ല. തൊഴിലില്ലായ്മയെ കുറിച്ചും ആരും സംസാരിക്കുന്നില്ല“- ഷാൻ കുറിക്കുന്നു.

സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി രം​ഗത്തു വന്നത്. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, സുരാജ് വെഞ്ഞാറമ്മൂട്, , ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, അനശ്വര രാജന്‍ തുടങ്ങിയവരും വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി.