120 ദിവസത്തോളം ചിത്രീകരണം നീണ്ട സിനിമ

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത നടികര്‍ എന്ന ചിത്രമാണ് ഇടവേളയ്ക്ക് ശേഷം സ്ട്രീമിംഗിന് ഒരുങ്ങുന്നത്. 2024 മെയ് മാസത്തില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. 40 കോടി ആയിരുന്നു ബജറ്റ്. സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമാക്കിയ ചിത്രം ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അത് സംഭവിച്ചില്ല. ഇപ്പോഴിതാ മറ്റൊരു പ്ലാറ്റ്‍ഫോമിലൂടെയാണ് ചിത്രം എത്തുന്നത്. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്‍ഫോമിലൂടെയാണ് നടികര്‍ സ്ട്രീമിംഗ് നടത്തുക. ഓഗസ്റ്റ് 8 മുതല്‍ ചിത്രം കാണാനാവും.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നടികര്‍. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡ് ആണ് ചിത്രം നിര്‍മ്മിച്ചത്. തെലുങ്ക് നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ നവീനും വൈ രവി ശങ്കറും ചിത്രത്തിന്റെ ഭാഗമായിരുന്നു. വിവിധ ലൊക്കേഷനുകളിലായി 120 ദിവസത്തോളം ചിത്രീകരണം നീണ്ട സിനിമയുമാണ് ഇത്.

'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി അഭിനയമേഖലയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന 'ഡേവിഡ് പടിക്കലി'ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇത് തരണം ചെയ്യാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അതിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് 'നടികര്‍ തിലക'ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. ഭാവന നായികയാകുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, വീണ നന്ദകുമാർ, നന്ദകുമാർ, ഖാലിദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Nadikar - OTT Trailer | Tovino Thomas | Lal Jr.| Soubin Shahir | Bhavana | SAINA PLAY OTT