നാദിര്‍ഷയുടെ മാജിക് മഷ‍്റൂംസിന്റെ റിവ്യു.
കട്ടപ്പനയിലെ ഹൃത്വിക് റോഷനു ശേഷം നാദിര്‍ഷയും വിഷ്‍ണു ഉണ്ണികൃഷ്‍ണനും ഒന്നിച്ച ചിത്രമാണ് മാജിക് മഷ്‍റൂംസ്. നാദിര്‍ഷയും വിഷ്‍ണു ഉണ്ണികൃഷ്‍ണനും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു രസികൻ ചിത്രമാണ് മാജിക് മഷ്റൂസും. ചെറു തമാശകള്‍ക്കൊപ്പം കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു ഇത്തവണ. കുടുംബപ്രേക്ഷകര്‍ക്ക് കണ്ടിരിക്കാവുന്ന ഒരു മികച്ച ചിത്രം തന്നെയാകുന്നു മാജിക് മഷ്‍റൂംസ്.
കൊച്ചു ചെറുക്കൻ എന്ന അയോണ്‍ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കുട്ടിക്കാലത്തെ ഒരു ട്രോമ പേറുന്ന കഥാപാത്രമാണ് കൊച്ചു ചെറുക്കൻ. സങ്കടങ്ങളൊക്കെ മഴ പോലെ പെയ്‍തു പോയെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന കഥാപാത്രമാണ് കൊച്ചു ചെറുക്കൻ. കൊച്ചു ചെറുക്കന്റെ സങ്കടങ്ങളുടെയും സന്തോഷത്തിന്റെയും ഒടുവില്‍ ജീവിത വിജയത്തിന്റെയും കഥയാണ് മാജിക് മഷ്റൂംസ് പറയുന്നത്.
കുട്ടിക്കാലത്ത് സ്‍കൂളില്‍ വെച്ചേ സഹപാഠിയുമായി സൗഹൃദത്തിലാകുന്നു കൊച്ചു ചെറുക്കൻ. തന്നോട് അവള്‍ക്ക് പ്രണയമുണ്ടെന്ന് കരുതുന്നു കൊച്ചു ചെറുക്കൻ എന്ന അയോണ്‍ ജോസ്. എന്നാല്‍ ഒരു ഘട്ടത്തില്‍ കൂടെ കോളേജില്‍ സീനിയറായിരുന്ന മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്നു ആ പെണ്‍കുട്ടി. അത് വിവാഹത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഒടുവില്‍ ആ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയും ചെയ്യുന്നു കൊച്ചു ചെറുക്കൻ. അത്തരമൊരു ജീവിത സാഹചര്യത്തില്‍ നിന്നുള്ള കൊച്ചു ചെറുക്കന്റെ വിജയത്തിലേക്കുള്ള മുന്നേറ്റമാണ് മാജിക് മഷ്‍റൂംസിന്റെ കഥ.
ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമപശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയാണ് മാജിക് മഷ്‍റൂംസ്. നാട്ടിൻപുറത്തിന്റെ നന്മയും നിഷ്‍കളങ്കതയുമൊക്കെയുള്ള കഥാപാത്രങ്ങളാണ് മാജിക് മഷ്റൂംസിലേത്. സമകാലീന സംഭവങ്ങളെയും ഉള്‍പ്പെടുത്തിയാണ് മാജിക് മഷ്‍റൂംസ് ചിത്രീകരിച്ചിരിക്കുന്നത്. പുതുതലമുറ പ്രേക്ഷകരോടും കണക്റ്റ് ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങള്‍ മാജിക് മഷ്രൂറുമിന്റെ പ്രത്യേകതകതയാണ്.
ഫാന്റസിയടക്കം ഇടകലര്‍ത്തിയുള്ള ആഖ്യാനമാണ് നാദിര്‍ഷ മാജിക് മഷ്‍റൂംസിനായി സ്വീകരിച്ചിരിക്കുന്നത്. കോമഡിയുടെ പശ്ചാത്തലമുള്ളപ്പോള്‍ തന്നെ ഗൗരവമേറിയ വിഷയവും ചര്‍ച്ച ചെയ്യാൻ മാജിക് മഷ്‍റൂംസിലൂടെ നാദിര്‍ഷ ശ്രമിച്ചിട്ടുണ്ട്. നവാഗതനായ ആകാശ് ദേവാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. യുവപ്രേക്ഷകരെയും ആകര്‍ഷിക്കുന്ന സംഭാഷങ്ങളാണ് ആകാശ് ദേവ് മാജിക് മഷ്റൂംസിനായി എഴുതിയിട്ടുള്ളത്.
വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയാവുന്നത്. ചെറുപ്പത്തിലുണ്ടായ ട്രോമ പേറുന്ന അപകര്‍ഷതാ ബോധമുള്ള കൊച്ച് ചെറുക്കനായി വിഷ്‍ണു ഉണ്ണികൃഷ്‍ണൻ പകര്‍ന്നാടിയിരിക്കുന്നു. നൃത്ത രംഗങ്ങളിലും വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ മികവ് എടുത്തുപറയേണ്ടതാണ്. ഇൻട്രോവേര്‍ട്ടായ നായികാ കഥാപാത്രമായി അക്ഷയ ഉദയകുമാറും മികവ് പുലര്‍ത്തിയിരിക്കുന്നു. ജാഫര്‍ ഇടുക്കിയുടേതും ശ്രദ്ധേയ കഥാപാത്രമാണ്. ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആൻറണി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ തുടങ്ങിയ ഓരോരുത്തരും സ്വന്തം വേഷം ഭംഗിയാക്കിയിരിക്കുന്നു.
നാദിര്‍ഷയാണ് സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ എന്നിവര്‍ പാടിയ പാട്ടുകള്‍ സിനിമയ്‍ക്കൊത്തു പോകുന്ന തരത്തിലുള്ളതാണ്. സുജിത് വാസുദേവാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിര്‍വഹിച്ചത് ജോണ്‍കുട്ടിയും ആണ്.ർ
