നന്‍പകല്‍ നേരത്ത് മയക്കം സിനിമയിലെ ഒരേയൊരു ക്ലോസപ്പ് ഷോട്ട് ഉണ്ടായത് ഇങ്ങനെ..

പോയ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവും കൈയടി നേടിയ താരങ്ങളിലൊരാള്‍ മമ്മൂട്ടിയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയത്. ഈ വര്‍ഷം അദ്ദേഹത്തിന് ലഭിച്ചതും മികച്ച തുടക്കമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി അഭിനയിച്ച നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ പ്രീമിയര്‍ ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജനുവരി 19 ന് ആയിരുന്നു. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള പ്രകടനം മമ്മൂട്ടിയില്‍ നിന്ന് ആവശ്യപ്പെടുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ തന്‍റെ പരിചയസമ്പന്നത മുന്‍നിര്‍ത്തി അദ്ദേഹം നടത്തിയ പകര്‍ന്നാട്ടം ആരെയും വിസ്മയിപ്പിക്കുന്നതാണ്. ജെയിംസ്, സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ മമ്മൂട്ടി നിറഞ്ഞാടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നന്‍പകലില്‍ ഏറെയും സ്റ്റാറ്റിക് ഷോട്ടുകളാണ് ലിജോ ഉപയോഗിച്ചിരിക്കുന്നത്. ലോംഗ്, മിഡ് ഷോട്ടുകള്‍ നിറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ഒരേയൊരു ക്ലോസപ്പ് ഷോട്ട് മാത്രമാണ് ഉള്ളത്. ആ ഷോട്ട് അടങ്ങിയ രംഗം ചിത്രീകരിച്ചതിന്‍റെ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. തനിക്ക് വേണ്ടത് എന്താണെന്ന് കൃത്യമായി ആവശ്യപ്പെടുന്ന ലിജോയെയും അത് സംവിധായകന്‍ ആഗ്രഹിച്ചതിനും ഒരുപടി മുകളില്‍ നല്‍കുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം. ആവശ്യമുള്ളത് ലഭിക്കുന്നത് വരെ എത്ര റീടേക്കുകള്‍ പോകാനും ഇരുവര്‍ക്കും മടിയൊന്നുമില്ല.

ALSO READ : കഴിഞ്ഞ വര്‍ഷം ജനപ്രീതിയില്‍ മുന്നിലെത്തിയ 10 മലയാള സിനിമകള്‍

Revelation of Sundaram - Shoot Process | Nanpakal Nerathu Mayakkam | Mammootty |Lijo Jose Pellissery

ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.