65 സിനിമകളാണ് മലയാളത്തില്‍ നിന്നും ഇത്തവണ മത്സരിച്ചത്. ഇതില്‍ 17 ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലായി അന്തിമ പട്ടികയില്‍ ഇടംപിടിച്ചതായാണ് സൂചന. 

ദില്ലി: 2019ലെ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ രണ്ട് മാസത്തോളം വൈകിയാണ് പ്രഖ്യാപനം. വൈകിട്ട് നാലിനാണ് ഇതു സംബന്ധിച്ച വാര്‍ത്താസമ്മേളനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അവാര്‍ഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. തങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് അവാര്‍ഡ് നിര്‍ണ്ണയ ജൂറി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഏതൊക്കെ സിനിമകള്‍ക്ക് എന്ന് വ്യക്തമല്ലെങ്കിലും ഇക്കുറി മലയാളത്തിന് അവാര്‍ഡ് പട്ടികയില്‍ പ്രാധാന്യമുണ്ടാവും എന്ന സൂചനകളാണ് ജൂറി അംഗങ്ങള്‍ നല്‍കുന്നത്.

Scroll to load tweet…

65 സിനിമകളാണ് മലയാളത്തില്‍ നിന്നും ഇത്തവണ മത്സരിച്ചത്. ഇതില്‍ 17 ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലായി അന്തിമ പട്ടികയില്‍ ഇടംപിടിച്ചതായാണ് സൂചന. പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', ഡോ. ബിജുവിന്‍റെ 'വെയില്‍മരങ്ങള്‍', ആഷിക് അബുവിന്‍റെ 'വൈറസ്', റഹ്മാന്‍ ബ്രദേഴ്സിന്‍റെ 'വാസന്തി', ഷീദ് പാറയ്ക്കലിന്‍റെ 'സമീര്‍', മധു സി നാരായണന്‍റെ 'കുമ്പളങ്ങി നൈറ്റ്സ്', അനുരാജ് മനോഹറിന്‍റെ 'ഇഷ്‍ക്', ഗീതു മോഹന്‍ദാസിന്‍റെ 'മൂത്തോന്‍' എന്നീ ചിത്രങ്ങള്‍ അന്തിമ പട്ടികയില്‍ ഇടംപിടിച്ച ചിത്രങ്ങളില്‍ ഉള്‍പ്പെട്ടതായും വിവരമുണ്ട്. അന്തിമ പട്ടികയില്‍ ഇടംപിടിച്ച പല ചിത്രങ്ങളും സംസ്ഥാന അവാര്‍ഡ് നേടിയവയാണെന്ന പ്രത്യേകതയുമുണ്ട്. 

എട്ട് മലയാളികളാണ് കഴിഞ്ഞ തവണത്തെ ദേശീയ പുരസ്കാര പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. തെലുങ്ക് ചിത്രം 'മഹാനടി'യിലൂടെ കീര്‍ത്തി സുരേഷ് ആണ് മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയായത്.