രണ്ട് മാസം മുന്‍പ് ഇത്തവണത്തെ ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡുകളുടെ നോമിനേഷന്‍ പ്രഖ്യാപനം ഇന്ത്യന്‍ വെബ് സിരീസ് പ്രേമികളെ സംബന്ധിച്ച് കൗതുകകരമായിരുന്നു. സേക്രഡ് ഗെയിംസ്, ലസ്റ്റ് സ്‌റ്റോറീസ്, ദി റീമിക്‌സ് എന്നിങ്ങനെ മൂന്ന് ഇന്ത്യന്‍ സിരീസുകളാണ് നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചത്. എന്നാല്‍ ഇന്നലെ ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഈ സിരീസുകളൊന്നും അവാര്‍ഡ് നേട്ടത്തിലേക്ക് എത്തിയില്ല. എന്നാല്‍ ഒരു ഇന്ത്യന്‍ അഭിനേതാവ് മികച്ച ഡ്രാമ സിരീസ് ആയി തെരഞ്ഞെടുക്കപ്പെട്ട 'മക് മാഫിയ'യില്‍ (യുകെ പ്രൊഡക്ഷന്‍) ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖിയാണ് വിജയികളുടെ സംഘത്തിനൊപ്പം എമ്മി വേദിയില്‍ എത്തിയ ഇന്ത്യന്‍ സാന്നിധ്യം.

മികച്ച ഡ്രാമ സിരീസിനുള്ള നോമിനേഷന്‍ ലഭിച്ച 'സേക്രഡ് ഗെയിംസി'ലും നവാസുദ്ദീന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഗണേഷ് ഗയ്‌തൊണ്ടെ എന്ന കഥാപാത്രം വലിയ പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു. എന്നാല്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മികച്ച ഡ്രാമ സിരീസിനായുള്ള മത്സരത്തില്‍ 'സേക്രഡ് ഗെയിംസി'നെ പിന്തള്ളി നവാസുദ്ദീന് പങ്കാളിത്തമുള്ള മറ്റൊരു സിരീസ് ഒന്നാമതെത്തി. സേക്രഡ് ഗെയിംസിലേതുപോലെ ഒരു ഗ്യാങ്‌സ്റ്റര്‍ കഥാപാത്രത്തെയാണ് അദ്ദേഹം മക്മാഫിയയിലും അവതരിപ്പിച്ചത്. ഡില്ലി മഹ്മൂദ് എന്നായിരുന്നു കഥാപാത്രത്തിന്റ പേര്.

2018 ജനുവരിയിലായിരുന്നു മക്മാഫിയയുടെ പ്രീമിയര്‍ പ്രദര്‍ശനം. യുകെയില്‍ ബിബിസിയിലും യുഎസില്‍ എഎംസിയിലുമായിരുന്നു പ്രദര്‍ശനം. സീ കഫ ചാനലിലായിരുന്നു ഇന്ത്യന്‍ സംപ്രേഷണം. എട്ട് എപ്പിസോഡുകളിലായിരുന്നു ഒന്നാം സീസണ്‍. പത്രപ്രവര്‍ത്തക മിഷ ഗ്ലെന്നി രചിച്ച 'മക്മാഫിയ: എ ജേണി ത്രൂ ദി ഗ്ലോബല്‍ ക്രിമിനല്‍ അണ്ടര്‍വേള്‍ഡ്' എന്ന പുസ്തകത്തെ അധികരിച്ചാണ് ജയിംസ് വാറ്റ്കിന്‍സ് സിരീസ് സംവിധാനം ചെയ്തത്. ''മക്മാഫിയയ്ക്കുവേണ്ടി എന്റെ പ്രിയ സംവിധായകരില്‍ ഒരാളായ ജെയിംസ് വാറ്റ്കിന്‍സുമൊത്ത് ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡിലെ ഈ മനോഹരമായ ട്രോഫി സ്വീകരിക്കുന്നതില്‍ വലിയ സന്തോഷം'', നവാസുദ്ദീന്‍ ചിത്രങ്ങളോടൊപ്പം ട്വിറ്ററില്‍ കുറിച്ചു.