അഞ്ച് വര്‍ഷത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ച സിനിമയില്‍ നായികയാവുന്നത് നയന്‍താര. ഫഹദ് ഫാസില്‍ നായകനാവുന്ന 'പാട്ട്' എന്ന ചിത്രം സെപ്റ്റംബര്‍ ആദ്യമാണ് അല്‍ഫോന്‍സ് പ്രഖ്യാപിച്ചത്. നായകന്‍ ഫഹദ് ആണെന്നും സംഗീത സംവിധാനവും താനാണ് നിര്‍വ്വഹിക്കുന്നതെന്നും ഒഴിച്ചാല്‍ മറ്റു വിവരങ്ങളൊന്നും പ്രഖ്യാപനസമയത്ത് അല്‍ഫോന്‍സ് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴാണ് ഫഹദിന്‍റെ നായികയായി ചിത്രത്തിലെത്തുന്നത് നയന്‍താരയാണെന്ന വിവരം അറിയിച്ചിരിക്കുന്നത്.

പഴയ ഓഡിയോ കാസറ്റിന്‍റെ മാതൃകയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന മനോഹരമാ ടൈറ്റില്‍ പോസ്റ്ററും അല്‍ഫോന്‍സ് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. യുജിഎം എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. പബ്ലിസിറ്റ് ഡിസൈന്‍ ട്യൂണി ജോണ്‍ 24 എഎം. രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാട്ട്. പ്രേമം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.