മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികനടിയാണ് നയൻതാര. തുടർന്ന് തമിഴകം ഏറ്റെടുത്ത താരത്തിന് കൈനിറയെ ചിത്രങ്ങളായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പർ നായിക എന്നാണ് നയൻതാര അറിയപ്പെടുന്നത്.  തെന്നിന്ത്യയില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻതാര. നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക് സിനിമ വിജയിപ്പിക്കാൻ കഴിവുള്ള നായിക നടിയും കൂടിയാണ്. 'ലവ്, ആക്ഷൻ, ഡ്രാമ' എന്ന സിനിമയ്ക്ക് ശേഷം നയൻ‌താര മലയാളത്തിൽ വേഷമിടുന്ന പുതിയ  ചിത്രമാണ് 'നിഴൽ'. ചിത്രത്തിൽ ഷർമിള എന്ന കഥാപാത്രമായാണ് നയൻതാര എത്തുന്നത്.

ഒട്ടനവധി രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ.


സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ക്ലാസ്റൂമിൽ ഒരു കഥ പറയുവാൻ പറയുമ്പോൾ മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്‍തമായി ഒരു കൊലപാതക കഥയാണ് ഒരു കുട്ടി പറയുന്നത്. ഇതിൽ നിന്നും ചില ദുരൂഹതകളിലേയ്ക്ക് അന്വേഷണങ്ങൾ നീങ്ങുന്നതായാണ് ട്രെയിലറിൽ കാണുന്നത്.

ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നയൻതാര വീണ്ടും മലയാളത്തിൽ സജീവമാകുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും.