പ്രമുഖ ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിന്‍റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മലയാളചിത്രം 'നായാട്ട്'. ഏപ്രില്‍ 8ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇന്നലെയാണ് നെറ്റ്ഫ്ളിക്സില്‍ എത്തിയത്. ഒടിടി റിലീസിനു ശേഷം മലയാളികളല്ലാത്ത പ്രേക്ഷകരുടെയും പോസിറ്റീവ് അഭിപ്രായ പ്രകടനങ്ങള്‍ ട്വിറ്ററില്‍ വരുന്നുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ 'ജോസഫി'ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. 'ചാര്‍ലി' പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് പുതിയ ചിത്രവുമായി എത്തുന്നത്. 

 

അതേസമയം നെറ്റ്ഫ്ളിക്സിന്‍റെ 'പോപ്പുലര്‍' ലിസ്റ്റില്‍ മമ്മൂട്ടി നായകനായ മലയാളചിത്രം 'വണ്‍' ഇടംപിടിച്ചിട്ടുണ്ട്. മാര്‍ച്ച് 26ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഏപ്രില്‍ 27നാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യപ്പെട്ടത്. ബോബി-സഞ്ജയ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സന്തോഷ് വിശ്വനാഥ് ആണ്. 'കടയ്ക്കല്‍ ചന്ദ്രന്‍' എന്ന കേരളത്തിന്‍റെ മുഖ്യമന്ത്രി കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന നായകന്‍.