Asianet News MalayalamAsianet News Malayalam

Marakkar : 'കാണാന്‍ പോകുന്ന പൂരം'; 'മരക്കാറി'നെയും തന്‍റെ കഥാപാത്രത്തെയും കുറിച്ച് നെടുമുടി വേണു പറഞ്ഞത്

മരക്കാറിന്‍റെ കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുന്ന നെടുമുടി വേണു

nedumudi venu about marakkar arabikadalinte simham mohanlal priyadarshan
Author
Thiruvananthapuram, First Published Nov 23, 2021, 6:43 PM IST
  • Facebook
  • Twitter
  • Whatsapp

മലയാളത്തിലെ ബിഗ് റിലീസ് ആയ മരക്കാര്‍ (Marakkar) തിയറ്ററുകളിലെത്താന്‍ എട്ട് ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ചിത്രത്തിന്‍റെ പ്രീ-റിലീസ് പബ്ലിസിറ്റികളുടെ ഭാഗമായി സിനിമയിലെ പല പ്രമുഖരുടെയും ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അണിയറക്കാര്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ അന്തരിച്ച നടന്‍ നെടുമുടി വേണു (Nedumudi Venu) ചിത്രത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചുകൊണ്ടുള്ള പുതിയ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. കോഴിക്കോട് സാമൂതിരിയുടെ കഥാപാത്രമാണ് നെടുമുടി വേണു ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെക്കുറിച്ചും മരക്കാര്‍ എന്ന ചിത്രത്തെക്കുറിച്ചും നെടുമുടി ഇപ്രകാരം പറയുന്നു.

മരക്കാറിനെക്കുറിച്ചും തന്‍റെ കഥാപാത്രത്തെക്കുറിച്ചും നെടുമുടി വേണു

സ്നേഹം, പ്രണയം, പ്രതികാരം ഇവയൊക്കെ ലോകമെമ്പാടും കലാസൃഷ്‍ടികള്‍ക്കായി സ്വീകരിച്ചുപോരുന്ന വിഷയങ്ങളാണ്. അതിനൊപ്പമോ അതിനേക്കാളൊക്കെ മുകളിലോ സ്വീകരിക്കപ്പെടാറുള്ള മറ്റൊരു വിഷയമാണ് പിറന്ന മണ്ണിനോടുള്ള സ്‍നേഹം. ഇതിനൊക്കെവേണ്ടി പട പൊരുതുകയും വിജയിക്കുകയും ചിലപ്പോള്‍ വീരചരമം പ്രാപിക്കുകയും ചെയ്യുന്ന ധീരയോധാക്കളുടെ കഥകള്‍. ഇങ്ങ് കേരളത്തില്‍ ചരിത്രവും കെട്ടുകഥകളും ഭാവനയും എല്ലാം കൂടിക്കുഴഞ്ഞ് നമുക്കറിയാവുന്ന ഒരു ധീരയോധാവിന്‍റെ കഥയാണല്ലോ കുഞ്ഞാലിമരക്കാറുടേത്. ഈ കഥ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് സ്വീകാര്യമാവുന്ന വിധത്തില്‍ ചിത്രീകരിക്കുക എന്നതാണ് ആശിര്‍വാദ് സിനിമാസും സംവിധായകന്‍ പ്രിയദര്‍ശനും (Priyadarshan) ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി. ഒരുപക്ഷേ ചരിത്രത്തിന്‍റെതന്നെ ഭാഗമായി മാറിയേക്കാവുന്ന ഈ സിനിമയില്‍ ഒരു പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ എനിക്കുള്ള ചാരിതാര്‍ഥ്യവും സന്തോഷവും പ്രേക്ഷകരുമായി പങ്കുവെക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. കോഴിക്കോട് സാമൂതിരി ആയിട്ടാണ് ഈ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത്. ഹിസ് സൈനസ് അബ്‍ദുള്ള, ദയ എന്ന ചിത്രത്തിലെ അറബ് രാജാവ് എന്നീ കഥാപാത്രങ്ങള്‍ക്കു ശേഷം കിട്ടുന്ന ഒരു രാജാവിന്‍റെ കഥാപാത്രമാണ് ഇത്. വിദേശ ശക്തികള്‍ക്കും സ്വന്തം കുടുംബത്തിലെ കലഹങ്ങള്‍ക്കും കുത്തിത്തിരിപ്പുകള്‍ക്കും മറ്റു സാമന്തന്‍മാരുടെ തിരിമറിയിലുമൊക്കെ ഇടയില്‍പ്പെട്ട് ഞെരുങ്ങുന്ന ഒരു പാവം രാജാവാണ് ഇദ്ദേഹം. എന്തായാലും കാണാന്‍ പോകുന്ന പൂരമാണ്. അതേക്കുറിച്ച് കൂടുതല്‍ വിവരിക്കേണ്ട കാര്യമില്ല. നന്നായി വരട്ടെയെന്ന് നമുക്ക് എല്ലാവര്‍ക്കും ആഗ്രഹിക്കാം, പ്രാര്‍ഥിക്കാം. 

നെടുമുടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിക്കവെ മോഹന്‍ലാല്‍ (Mohanlal) കുറിച്ചത് ഇങ്ങനെ- "സ്നേഹം! വാക്കുകളിലും പ്രവർത്തിയിലും സ്നേഹം എപ്പോഴും വാരിനിറച്ചിരുന്ന വേണുച്ചേട്ടൻ, മരയ്ക്കാർ എന്ന നമ്മുടെ സ്വപ്നസിനിമയെക്കുറിച്ച് പറഞ്ഞതും അതുതന്നെയാണ്. എല്ലാ സ്നേഹത്തേക്കാളും മുകളിൽ നിൽക്കുന്നതും എല്ലാ സ്നേഹത്തേക്കാളും വാഴ്ത്തപ്പെടേണ്ടതും, ദേശസ്നേഹമാണെന്ന് സത്യം. ഒരു വലിയ കൂട്ടായ്മയുടെ കഠിനപ്രയത്നത്തിന്‍റെയും അർപ്പണബോധത്തിന്‍റെയും ഫലമായി ഉടലെടുത്ത ഈ സിനിമയിലെ നിറസാന്നിധ്യം ആയിരുന്നു വേണുച്ചേട്ടൻ എന്ന ആ വലിയ കലാകാരൻ. മരയ്ക്കാർ സിനിമയെക്കുറിച്ച്, അന്നും ഇന്നും എന്നും ഞങ്ങളുടെ എല്ലാമെല്ലാമായ വേണുച്ചേട്ടന്‍റെ വാക്കുകൾ". വെള്ളിത്തിരയില്‍ നെടുമുടി വേണുവിന്‍റെ അവസാന പ്രകടനമാണ് ഇതെന്നും ചിത്രം കാണാന്‍ തങ്ങളോടൊപ്പം അദ്ദേഹമില്ല എന്നത് നൊമ്പരമായി മനസില്‍ തങ്ങി നില്‍ക്കുന്നെന്നും വീഡിയോയ്ക്ക് ആമുഖമായി പ്രിയദര്‍ശന്‍ പ്രണാമം അര്‍പ്പിച്ചിരിക്കുന്നു. 

Follow Us:
Download App:
  • android
  • ios